റംസാൻ കാലത്തും ഖൽബ് കീഴടക്കി ബിരിയാണി; ഓർഡർ ചെയ്യപ്പെട്ടത് ആറ് മില്യൺ

സാധാരണ മാസങ്ങളെ അപേക്ഷിച്ച് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലെ ബിരിയാണി ഓർഡറുകളിൽ ഏകദേശം 15 ശതമാനം വർധനയുണ്ടായതായാണ് വിലയിരുത്തൽ
റംസാൻ കാലത്തും ഖൽബ് കീഴടക്കി ബിരിയാണി; ഓർഡർ ചെയ്യപ്പെട്ടത് ആറ് മില്യൺ

തുടർച്ചയായി എട്ടുവർഷം സ്വിഗ്ഗി വഴി ഏറ്റവും അധികം ആളുകൾ വാങ്ങിക്കഴിച്ച ഭക്ഷണം ബിരിയാണിയായിരുന്നു. ദാ ഈ വർഷം റംസാൻ കാലത്തും ഏറ്റവും കൂടുതൽ ഓർഡറുകളുണ്ടായ വിഭവത്തെ കുറിച്ച് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഇന്ത്യക്കാരുടെ പ്രിയ വിഭവമായ ബിരിയാണിക്കാണ് ഈ സമയത്ത് കൂടുതല്‍ ഓർഡറുകൾ ഉണ്ടായിരിക്കുന്നതെന്നാണ് സ്വിഗ്ഗിയുടെ വിലയിരുത്തൽ.

മാർച്ച് 12 മുതൽ ഏപ്രിൽ എട്ടുവരെയുള്ള ഓർഡറുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സ്വിഗ്ഗി പങ്കുവച്ചിരിക്കുന്നത്. റംസാൻ മാസത്തിൽ ആറ് മില്യൺ ആളുകളാണ് ബിരിയാണി ഓർഡർ ചെയ്തിരിക്കുന്നത്. സാധാരണ മാസങ്ങളെ അപേക്ഷിച്ച് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലെ ബിരിയാണി ഓർഡറുകളിൽ ഏകദേശം 15 ശതമാനം വർധനയുണ്ടായതായാണ് വിലയിരുത്തൽ.

ഹൈദരാബാദിലാണ് ബിരിയാണി പ്രേമികൾ ഏറ്റവും കൂടുതലുള്ളത്. റംസാൻ കാലത്ത് ഏറ്റവും കൂടുതൽ ബിരിയാണിക്കായുള്ള ഓർഡറുകൾ ലഭിച്ചത് ഇവിടെ നിന്നായിരുന്നു. ബിരിയാണി, ഹലീം, സമൂസ തുടങ്ങിയ പരമ്പരാഗത വിഭവങ്ങളാണ് ഇഫ്താർ ടേബിളിലേക്കായി ജനപ്രീതി നേടിയതെന്നാണ് പ്ലാറ്റ് ഫോം വ്യക്തമാക്കുന്നത്.

വ്രതാനുഷ്ഠാന കാലത്ത് വൈകുന്നേരം 5:30 മുതൽ 7മണിവരെയുള്ള ഇഫ്താർ ഓർഡറുകളിൽ 34 ശതമാനം വർധനയാണ് സ്വിഗ്ഗി രേഖപ്പെടുത്തിയത്. ദേശീയതലത്തിൽ ചിക്കൻ ബിരിയാണി, മട്ടൺ ഹലീം, സമൂസ, ഫലൂദ, ഖീർ എന്നിവയായിരുന്നു ഇഫ്താറിനായി ഓർഡർ ചെയ്ത പ്രധാന ഇനങ്ങൾ.

അത് മാത്രമല്ല മറ്റ് ജനപ്രിയ വിഭവങ്ങൾക്കുള്ള ഓർഡറുകളിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ട്. ഹലീമിന് 1454.88 ശതമാനം, ഫിർനി 80.97 ശതമാനവും വർധിച്ചു. മാൽപുവ ഓർഡറുകൾ 79.09 ശതമാനം ഉയർന്നപ്പോൾ ഫലൂദ, ഈന്തപ്പഴം എന്നിവയ്ക്ക് യഥാക്രമം 57.93 ശതമാനം, 48.40ശതമാനമായും വർദ്ധിച്ചതായിട്ടാണ് സ്വിഗ്ഗി വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com