Top

'ഇറക്കിവിട്ടിട്ടും ജനലരികിൽ നിന്നൊക്കെ ടിവി കണ്ടിട്ടുണ്ട്'; ജീവിതത്തിൽ കൃത്യമായി ഡിസിഷനെടുക്കുകയാണ് വേണ്ടതെന്ന് സിജു വിൽസൺ

15 Sep 2022 12:30 PM GMT
ഫിൽമി റിപ്പോർട്ടർ

ഇറക്കിവിട്ടിട്ടും ജനലരികിൽ നിന്നൊക്കെ ടിവി കണ്ടിട്ടുണ്ട്; ജീവിതത്തിൽ കൃത്യമായി ഡിസിഷനെടുക്കുകയാണ് വേണ്ടതെന്ന് സിജു വിൽസൺ
X

വിനയൻ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടിന്റെ' ഗംഭീര വിജയത്തിന് ശേഷം നടൻ സിജു വിൽസണിന്റെ ജനപ്രീതിയും വർധിക്കുകയാണ്. 2018ൽ കൊച്ചി രാജഗിരി ബിസിനസ് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ നടത്തിയ നടന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ. തീർത്തും സാധാരണ കുടുംബത്തിൽ ജനിച്ച തനിക്ക് സിനിമയിൽ അവസരം ലഭിച്ചതും അതിന് വേണ്ടി നടത്തിയ പ്രയത്നങ്ങളും നടൻ വിശദീകരിച്ചു. ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടിടത്ത് കൃത്യമായി അതെടുക്കുകയാണ് വേണ്ടതെന്ന് സിജു വിൽസൺ പറയുന്നു.

"ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ച് വളർന്നത്. എന്റെ അച്ഛൻ സിഐടിയുവിൽ ചുമട്ടുതൊഴിലാളി ആയിരുന്നു. അമ്മ ഹൗസ് വൈഫ് ആയിരുന്നു. ഞങ്ങൾക്ക് വീടിന് മുൻപിൽ ചെറിയൊരു പച്ചക്കറി കടയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. എപ്പോഴാണ് എന്റെ ജീവിതത്തിലേയ്ക്ക് സിനിമ കടന്നുവന്നത് എന്ന് അറിയില്ല. ഒരുപക്ഷേ ചെറുപ്പത്തിലായിരിക്കും. ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ടിവിയുടെ മുൻപിൽ ആയിരിക്കും. എന്റെ വീട്ടിൽ ടിവി ഉണ്ടായിരുന്നില്ല. അയൽ വീടുകളിലും ഒരു കിലോമീറ്ററിനടുത്തുള്ള ആന്റിയുടെ വീട്ടിലുമൊക്കെ പോയിരുന്നാണ് ടിവി കണ്ടിരുന്നത്. ഫുൾ ടൈം ടിവിയ്ക്ക് മുന്നിൽ ഇരുന്നിട്ട് അയൽ വീട്ടിൽ നിന്നൊക്കെ ഇറക്കിവിട്ടിട്ടുണ്ട്. എന്നിട്ടും ഞാൻ പുറത്തിറങ്ങി ജനലരികിൽ നിന്ന് ടിവി കാണുമായിരുന്നു.

എന്റെ കുടുംബത്തിൽ അച്ഛനായിരുന്നു സിനിമയോട് ക്രേസ് ഉണ്ടായിരുന്നത്. ഏത് സിനിമ ഇറങ്ങിയാലും പുള്ളി ആദ്യമേ തന്നെ അത് പോയി കാണും. ഫാമിലിയെ അങ്ങനെ കൊണ്ടുപോകാൻ പറ്റില്ലായിരിക്കും, അച്ഛൻ കാണുമായിരുന്നു. ഇംഗ്ലീഷ് സിനിമകളോടായിരുന്നു അച്ഛന് താത്പര്യം. ജാക്കി ചാൻ, അർണോൾഡ് സിനിമകളൊക്കെ ഇറങ്ങിക്കഴിഞ്ഞാൽ പോയി കാണും. എന്നെയും ഇടക്കൊക്കെ കൊണ്ടുപോയിട്ടുണ്ട്. ഞാൻ പ്ലസ് വൺ പഠിക്കുമ്പോൾ ഹാർട്ട് അറ്റാക്ക് വന്ന് അച്ഛൻ മരണപ്പെട്ടു. പിന്നീട് അമ്മയുടേയും സഹോദരിയുടേയും തോളിലായിരുന്നു ജീവിതം.

പ്ലസ് ടു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് ഡിസിഷൻ എടുക്കേണ്ട സമയം വരും. എനിക്ക് ഫോക്കസ് ഉണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ ശേഷം ഒരു ആറ് മാസം ഞാൻ എന്തുചെയ്യണം എന്ന് ആലോചിക്കാൻ സമയമെടുത്തു. പക്ഷേ വെറുതെ ഇരുന്നില്ല. എന്റെ വീടിന്റെ അടുത്ത് ഒരു ഫാമിലി ഫ്രണ്ടിന്റെ വീട് പണിയുന്നുണ്ടായിരുന്നു. അവിടെ ഞാൻ സൂപ്പർ വൈസറായി പോയി. 1500 രൂപയായിരുന്നു ഒരു മാസത്തെ എന്റെ സാലറി. ബി എസ് സി നഴ്സിംഗ് ബാംഗ്ലൂരിൽ റണ്ണിങ് ബാച്ച് ഉണ്ടെന്നും ആറ് മാസം നഷ്ടപ്പെടുത്താതെ ആ കോഴ്സ് ചെയ്യാനും എല്ലാവരും പറഞ്ഞു. അങ്ങനെ ഞാൻ പോളി ടെക്നിക്കിൽ നിന്നും നഴ്സിങ് പഠിക്കാൻ ബാംഗ്ലൂരിലേയ്ക്ക് പോയി. അവിടെ നഴ്സിങ് പഠിച്ചു. ഇംഗ്ലീഷ് പഠിക്കാമെന്നൊക്കെ വിചാരിച്ചാണ് പോയത്, എന്നാൽ അവിടെ ചെന്നപ്പോൾ മുഴുവൻ മലയാളികൾ. പിന്നെ നമ്മൾ എല്ലാവരോടും മലയാളത്തിൽ ആണല്ലോ സംസാരിക്കുക. അങ്ങനെ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് ചെയ്യുമെന്ന് ഒരു ഐഡിയ ഇല്ലാതെ ഇരിക്കുന്ന സമയം വീണ്ടും വന്നു.'

മലർവാടി ആർട്ട്സ് ക്ലബ്ബിൽ ഒഡീഷനിലൂടെ എത്തിയെന്നും അൽഫോൺസ് പുത്രനുമായുള്ള പരിചയം തന്റെ സിനിമ പ്രവേശത്തിലേയ്ക്ക് വഴിവച്ചു എന്നും സിജു പറഞ്ഞു. 'അൽഫോൺസ് പുത്രൻ എൻ്റെ സുഹൃത്താണ്. അദ്ദേഹം നിവിനെ വെച്ച് ആൽബം ചെയ്യാനിരിക്കുന്ന സമയമാണ്. അങ്ങനെ അൽഫോൺസിനോട് സിനിമയിൽ അഭിനയിക്കാനുള്ള എന്റെ താത്പര്യം പറഞ്ഞു. അത് പറയാൻ തന്നെ എനിക്കൊരു മടിയുണ്ടായിരുന്നു. കാരണം എനിക്ക് തന്നെ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. അങ്ങനെ അവനാണ് എന്നെ മോട്ടിവേറ്റ് ചെയ്തത്. അങ്ങനെയാണ് മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനിലേയ്ക്ക് ഞാൻ ഫൊട്ടോ അയക്കുന്നത്. അൽഫോൺസ് എടുത്ത ഫോട്ടോ ആണ് അയച്ചത്. 6000 പേരിൽ നിന്ന് 120 പേരുടെ ലിസ്റ്റാക്കി അവർ ചുരുക്കി. പിന്നീട് 20 പേരെ തെരഞ്ഞെടുത്തു. ആ 20 പേരിൽ ഞാനുണ്ടായിരുന്നു. അഞ്ച് പേരിൽ വന്നില്ലെങ്കിലും സിനിമയിൽ ചെറിയ റോളുകൾ വിനീത് പലർക്കും നൽകിയിരുന്നു. അങ്ങനെ എന്നെയും വിളിച്ചു. അങ്ങനെ ആദ്യമായി എനിക്ക് ഒരു ഒഡീഷനിൽ അവസരം കിട്ടി. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് വേഷമാണ് ഞാൻ ചെയ്തത്. ഇതിനിടയിൽ വീട്ടിൽ നിന്ന് പ്രെഷർ ഒക്കെയുണ്ട്. അതിന് ശേഷമാണ് 'പ്രേമം' വരുന്നത്. ഞങ്ങളുടെ ലൈഫിൽ ബ്രേക്ക് തന്ന സിനിമയായിരുന്നു പ്രേമം. ഇത്ര ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പ്രേമം കാരണമാണ് 'ഹാപ്പി വെഡ്ഡിംങി'ലേയ്ക്ക് ഒമർ ലുലു സെലക്ട് ചെയ്തത്. ആദ്യത്തെ സോളോ ഹീറോ പെർഫോമൻസ് ആയിരുന്നു അത്. ആ സിനിമയും വലിയ സക്സസ് ആയി. കരിയറിൽ എനിക്ക് ഏറ്റവും കടപ്പാട് അൽഫോൺസിനോടും സിനിമ എന്താണെന്ന് പഠിപ്പിച്ച സുഹൃത്തുക്കളോടുമാണ്. പിന്നെ എനിക്ക് പിന്തുണ നൽകിയ കുടുംബത്തോട്.'

Story highlights: Siju Wilson remembering his beginning days as an actor

Next Story