ലോക സുന്ദരി മത്സരത്തിൽ ബനാറസി പട്ടിൽ തിളങ്ങി ഇന്ത്യൻ സുന്ദരി

മത്സരാർത്ഥികളെല്ലാം അവരവരുടെ ദേശീയ വസ്ത്രം അണിഞ്ഞാണെത്തിയത്
ലോക സുന്ദരി മത്സരത്തിൽ ബനാറസി പട്ടിൽ തിളങ്ങി ഇന്ത്യൻ സുന്ദരി

ന്യൂഡൽഹിയിലെ അശോക ഹോട്ടലിൽ നടന്ന ലോക സുന്ദരി മത്സര ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ആകർഷണം പരമ്പരാഗത വസ്ത്രങ്ങളായിരുന്നു. ലോകത്തിന്റെ നാനാകോണിൽ നിന്നെത്തിയ മത്സരാർത്ഥികളെല്ലാം അവരവരുടെ ദേശീയ വസ്ത്രമാണ് ഉദ്ഘാടനച്ചടങ്ങിൽ അണിഞ്ഞത്. ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ബനാറസി പട്ടുസാരിയണിഞ്ഞാണ് എത്തിയത്. 2.2 ലക്ഷം രൂപയാണ് ഈ ചുവന്ന സാരിയുടെ വില.

ലോകത്തെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും മൂല്യങ്ങൾ പഠിപ്പിക്കുന്ന ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഈ വേദിയിൽ നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഉദ്ഘാടന വേദിയിൽ സിനി സ്വയം പരിചയപ്പെടുത്തിയത്. സാരിയിൽ അണിഞ്ഞൊരുങ്ങിയതിന്റെ ചിത്രങ്ങൾ 'ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ ലോക സൗന്ദര്യ മത്സരവേദിയിൽ ചേർത്തുപിടിക്കുന്നു' എന്ന അടിക്കുറിപ്പോടെ സിനി ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

1996 ലാണ് ഇതിന് മുൻപ് ലോകസുന്ദരി മത്സരം ഇന്ത്യയിൽ നടന്നത്. ഗ്രീസിന്റെ ഐറിൻ സ്ക്ളീവയായിരുന്നു അന്ന് കിരീടം ചൂടിയത്. ആറ് ഇന്ത്യൻ വനിതകളാണ് ഇതുവരെ ലോക സുന്ദരീ കിരീടം ചൂടിയത്. 1966 ൽ റീത്ത ഫാരിയ, 1994 ൽ ഐശ്വര്യ റായ്, 1997 ൽ ഡയാന ഹെയ്ഡൻ, 2000 ൽ പ്രിയങ്ക ചോപ്ര, 2017 ൽ മാനുഷി ചില്ലർ എന്നിവരാണ് മിസ് വേൾഡ് പട്ടം കരസ്ഥമാക്കിയ ഇന്ത്യൻ സുന്ദരികൾ. മാർച്ച് ഏഴിനാണ് മിസ് വേൾഡ് ഫൈനൽ നടക്കുക. 115 സുന്ദരിമാരാണ് ലോകസുന്ദരിപട്ടത്തിനായി മാറ്റുരയ്ക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com