

കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ആശുപത്രി വിട്ടു. ഗിൽ ടീം ഹോട്ടലിൽ തിരിച്ചെത്തി. താരത്തിന്റെ പരിക്കില്‍ ആശങ്കകള്‍ അകന്നെങ്കിലും വരാനിരിക്കുന്ന ഗുവാഹത്തി ടെസ്റ്റില്‍ ഗില്‍ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.
ശുഭ്മൻ ഗില്ലിന്റെ ആരോഗ്യസ്ഥിതി ഡോക്ടർമാരും ബിസിസിഐ മെഡിക്കൽ യൂണിറ്റും നിരീക്ഷിക്കുകയാണ്. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനായി താരം ടീമിനൊപ്പം യാത്ര ചെയ്യുമോ എന്നത് വ്യക്തമല്ല. നിലവിലെ അവസ്ഥയില്‍ താരത്തിന് വിമാന യാത്ര അപകടകരമാണെന്നാണ് വിലയിരുത്തുന്നത്.
GOOD NEWS FOR INDIA 🚨
— 𝔸ℝ𝕀𝔽 (@Arif011111) November 16, 2025
Captain Shubman Gill has been discharged from the Hospital. #ShubmanGill pic.twitter.com/OhrvQVWYp2
ഇന്ത്യയ്ക്ക് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ പരിശീലന സെഷന്‍ ഉണ്ടെങ്കിലും ഗില്‍ അതില്‍ പങ്കെടുത്തേക്കില്ല. അടുത്ത മത്സരത്തിനായി ടീം ബുധനാഴ്ചയാണ് ഗുവാഹത്തിയിലേക്ക് തിരിക്കുക. ഗില്‍ രണ്ടാം മത്സരത്തില്‍ കളിച്ചില്ലെങ്കില്‍ സായ് സുദര്‍ശനോ ദേവ്ദത്ത് പടിക്കലോ പകരക്കാരനായി ടീമിലെത്തും.
ഈഡനില്‍ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ സ്വീപ്പ് ഷോട്ട് അടിക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കഴുത്തിന് പരിക്കേല്‍ക്കുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങില്‍ നാലാമനായി ഇറങ്ങി നാല് റണ്‍സെടുത്ത താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. ശേഷം ഇന്ത്യയുടെ ഒന്‍പത് വിക്കറ്റ് വീണപ്പോഴും ഗില്‍ മടങ്ങിയെത്തിയിരുന്നില്ല. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിലും ഗില്‍ മൈതാനത്ത് ഉണ്ടായിരുന്നില്ല.
Content Highlights: Shubhman gill discharged from hospital , but unlikely to travel with team for guwahati test