
പുറമേ പരുക്കനായ മനുഷ്യൻ, മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി. ആരേയും കൂസാത്ത പ്രകൃതം, ദൈവത്തിലല്ല, മനഃസാക്ഷിയിലാണ് വിശ്വാസമെന്ന് ആവർത്തിച്ച് പറഞ്ഞയാൾ, അഭിനയ തിലകം ചാർത്തിയ മലയാളത്തിന്റെ പെരുന്തച്ചൻ ഓർമയായിട്ട് 11 വർഷം.
നടനമറിയാമെങ്കിലും നാട്യമറിയില്ലെന്ന് പറയുന്ന തിലകനെന്ന പി കെ സുരേന്ദ്ര നാഥ തിലകൻ യഥാർത്ഥത്തിൽ ആരായിരുന്നു. ആ ശബ്ദം പോലെ തന്നെ പരുക്കനായ കാർക്കശ്യക്കാരനായ വ്യക്തിയായിരുന്നോ? സഹപ്രവർത്തകരോടൊക്കെ കലഹിച്ചും അവരെ വിമർശിച്ചും വിവാദങ്ങൾ സൃഷ്ടിച്ചയാൾ. താര സംഘടനയായ അമ്മയിൽ നിന്നും ഫെഫ്കയിൽ നിന്നും വിലക്ക് നേരിട്ട വ്യക്തി. ആരുടേയും മുന്നിൽ തലകുനിക്കാത്ത പച്ചയായ മനുഷ്യൻ. അഭിനയത്തിനപ്പുറത്ത് ജീവിതത്തിൽ അദ്ദേഹം ആരായിരുന്നു.
1955 ജനുവരി 10, ഒരു തിങ്കളാഴ്ച്ച, 60 രൂപ പരീക്ഷ ഫീസ് അടക്കാനില്ലാതെ ആ 19 കാരൻ അലഞ്ഞു. ഒടുക്കം എവിടെ നിന്നും ലഭിക്കാതെ ഡോക്ടറാവാനുള്ള ആ ചെറുപ്പക്കാരന്റെ ആഗ്രഹം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അന്ന് വൈകിട്ട് അവിചാരിതമായി കണ്ട ഒരു നാടക റിഹേഴ്സലിൽ കാഴ്ച്ചക്കാരനായി നിന്ന തിലകന് ആ നാടകത്തിലെ നടനാവാൻ ക്ഷണം ലഭിച്ചു. അങ്ങനെ തന്റെ ജീവിതത്തിലെ ഒഴുക്കിനെതിരെ ഒന്ന് സഞ്ചരിക്കാമെന്ന് ആ യുവാവ് ചിന്തിച്ചു. രണ്ടാം ക്ലാസിലാണ് ആദ്യമായി അദ്ദേഹം അഭിനയത്തിലേക്ക് കടന്നത്. ടീച്ചറെഴുതിയ ഒരു ചെറിയ നാടകത്തിൽ അദ്ദേഹം അഭിനയിച്ചു. അന്ന് മറിയക്കുട്ടി ടീച്ചർ പറഞ്ഞ വാക്കുകൾ ഇപ്പോഴും സ്മരിക്കുന്നു. നീ വലിയൊരു കലാകാരനായി തീരുമെന്ന്...
ജീവിതത്തിൽ പരിചയപ്പെട്ട ഓരോ വ്യക്തികളേയും അവരുമായുള്ള അനുഭവങ്ങളും മനസ്സിൽ സൂക്ഷിച്ചിരുന്ന വ്യക്തി. പിന്നെങ്ങനെയാണ് അദ്ദേഹം വിലക്കപ്പെട്ടവനായി മാറിയത്. പത്മശ്രീ നൽകി രാജ്യം ആദരിച്ച വ്യക്തിയല്ലേ ഞാൻ, എന്നെ വിലക്കാമോ എന്നദ്ദേഹം പരാതിപ്പെട്ടു.
അപ്രിയസത്യങ്ങൾ വിളിച്ചുപറഞ്ഞതിലൂടെ സിനിമാ ലോബിക്ക് മുന്നിൽ നിഷേധിയായ തിലകനെ, നീണ്ടകാലം അയിത്തം കൽപിച്ച് മാറ്റി നിർത്തി മലയാള സിനിമ.
മമ്മൂട്ടിയേയും മോഹൻലാലിനേയും വരെ വിമർശിക്കാൻ മടിച്ചില്ല അദ്ദേഹം. മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ കിട്ടുന്ന ഒരു കെമിസ്ട്രി മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചാൽ കിട്ടില്ലെന്ന് പറഞ്ഞാൽ മറ്റുള്ളവർ എനിക്ക് ഭ്രാന്താണെന്ന് കരുതും. അവർക്കാണ് ഭ്രാന്തെന്ന് പറഞ്ഞാൽ തെറ്റുപറയാനാകുമോ എന്ന് തിരിച്ചു പറയുന്ന വ്യക്തിയായിരുന്നു തിലകൻ.
എന്തും വെട്ടിത്തുറന്ന് പറയുന്ന തന്റെ പ്രകൃതമാണ് താൻ വിലക്കപ്പെടാൻ കാരണമെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. വിലക്ക് കാരണം നഷ്ടം സംഭവിച്ചത് പ്രേക്ഷകർക്ക് മാത്രമാണെന്ന് ആത്മ ധൈര്യത്തോടെ, ശക്തമായ വാക്കുകളിലൂടെ തിലകൻ പറഞ്ഞുകൊണ്ടേയിരുന്നു. വിലക്കപ്പെട്ട നാളുകളിൽ തോറ്റുകൊടുക്കാതെ 83 ഓളം നാടക വേദികളിൽ അദ്ദേഹം നിറസാന്നിധ്യമായി. ദൈവത്തിന്റെ സ്വന്തം നാടോ ഇത് എന്നായിരുന്നു നാടകത്തിന്റെ പേര്. എന്നാൽ മലയാള സിനിമ മഹാനടനോട് കാണിച്ച അനീതിയായിരുന്നു ആ വിലക്കെന്ന് സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു. ആ പ്രായത്തിൽ അത്രയും വേദികളിൽ അഭിനയിച്ചതിന് ശേഷം അദ്ദേഹം വല്ലാതെ അവശനായിരുന്നു. വിലക്കിന് ശേഷം രഞ്ജിത്ത് ചിത്രമായ ഇന്ത്യൻ റുപ്പിയിലൂടെയാണ് അദ്ദേഹം തിരിച്ചു വരുന്നത്. അനാരോഗ്യത്തിന്റെ പിടിയിലും അവസാന നാളുകളിൽ ഇന്ത്യൻ റുപ്പിയിലെ അച്ച്യുതമേനോനായും ഉസ്താദ് ഹോട്ടലിലെ കരീമിക്കയായും അദ്ദേഹം ഉജ്വല മുഹൂർത്തങ്ങൾ പ്രേക്ഷകന് സമ്മാനിച്ചു.
തിലകൻ തിരിച്ചു വന്നിട്ടില്ല, തിരിച്ചു വരാൻ തിലകൻ എവിടേക്കും പോയിരുന്നില്ല, മലയാള സിനിമ പഴയ മലയാള സിനിമയല്ല, തിലകൻ പഴയത് തന്നെയാണ് ഇപ്പോഴും. അതിൽ മാറ്റമില്ല, അദ്ദേഹം പറഞ്ഞു. എന്നെ മാറ്റി നിർത്തിയപ്പോൾ നഷ്ടം സംഭവിച്ചത് പ്രേക്ഷകർക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴകം തിലകന്റെ കൂടെ അഭിനയിക്കുന്നത് ഭാഗ്യമെന്ന് കരുതിയപ്പോൾ മലയാളം തിലകനെ മാറ്റി നിർത്തുകയായിരുന്നു. സ്ഫടികം ചാക്കോ മാഷിന്റെ വേഷം കണ്ട് അത്ഭുതപ്പെട്ട് തനിക്ക് ആ വേഷം ചെയ്യാനാകുമോ എന്ന് ആശങ്കപ്പെട്ടയാളാണ് മഹാനടൻ ശിവാജി ഗണേശൻ.
തിലകന്റെ വിപ്ലവം പഠിക്കുന്ന കാലം മുതലേ തുടങ്ങിയിരുന്നു. കൊല്ലം എസ്എൻ കോളേജിൽ ജാതിയും മതവും പൂരിപ്പിക്കേണ്ട കോളത്തിൽ അത് പൂരിപ്പിക്കാതെ ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുതെന്ന ശ്രീനാരായണ ഗുരുവിന്റെ തത്വത്തിനെ പിന്തുടരുന്നവനാണ് താനെന്ന് പറഞ്ഞ് കോളേജ് അധികൃതരെ എതിർത്ത ധീര മനുഷ്യൻ. കലാലയ ജീവിതത്തിലെ ആദ്യത്തെ ബ്ലാക്ക് മാർക്ക് അന്ന് വീണു എന്നദ്ദേഹം ഓർക്കുന്നു.
തന്റെ പോരാട്ടം അദ്ദേഹം തുടർന്നു കൊണ്ടേയിരുന്നു. നാടകത്തിൽ അഭിനയിച്ചതിന്റെ പേരിൽ വീട്ടിൽ പട്ടിണി കിടന്ന് ഒടുക്കം വീട് ഉപേക്ഷിച്ച് ഇറങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് തിലകന്. എന്നിട്ടും അദ്ദേഹം തോറ്റു കൊടുത്തില്ല. 'ഒരു കാര്യം പറയാൻ ആരുടേയും പ്രതികരണം ഭയപ്പെട്ട് പറയാതെ ഇരിക്കേണ്ടതില്ല'. അദ്ദേഹത്തിന്റെ ഈ നിലപാട് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയതും. സത്യമാണ് ദൈവം. സത്യത്തിന്റെ കൂടെ നിലനിൽക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടി വരികയെന്ന് അദ്ദേഹം വിശ്വസിച്ചു.
1981 ലെ കെ ജി ജോര്ജ് ചിത്രമായ കോലങ്ങളിലെ കള്ളുവർക്കിയിലെ മദ്യപാനിയാണ് ആദ്യ നായക വേഷം. അതിൽ തുടങ്ങി 300ഓളം വേഷങ്ങൾ. പെരുന്തച്ചൻ, കിരീടം, ചെങ്കോൽ, സ്ഫടികം, വീണ്ടും ചില വീട്ടു കാര്യങ്ങൾ, പവിത്രം, സന്ദേശം, നരസിംഹം തുടങ്ങി അനേകം ശ്രദ്ധേയമായ സിനിമകൾ. സ്ഫടികം സിനിമയിൽ അഭിനയിക്കുമ്പോൾ കെപിഎസി ലളിതയുമായി അത്ര സൗഹൃദത്തിലായിരുന്നില്ല. ഇരുവരും പരസ്പരം മിണ്ടില്ലായിരുന്നു. തന്നിൽ മനപൂർവ്വം അസ്വസ്ഥത സൃഷ്ടിക്കാൻ ഷൂട്ടിങ്ങ് ലൊക്കേഷനിൽ തന്റെ മുന്നിൽ വന്നിരുന്ന് തിലകൻ മദ്യപിക്കാറുണ്ടായിരുന്നു എന്ന് ലളിത ഇരുവരുടേയും സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ പിന്നീട് പറഞ്ഞിട്ടുണ്ട്.
സ്നേഹം അർഹിക്കുന്ന സ്ഥലത്ത് മാത്രമേ കൊടുക്കൂ എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. നമ്മുടെ മക്കളോട് ദേഷ്യം വരുമ്പോൾ ഇറങ്ങിപ്പോ എന്ന് പറയും, പക്ഷേ അവർ ഇറങ്ങിപോയാൽ അത് നമുക്ക് സഹിക്കുമോ? ഇറങ്ങി പോകാനാണോ അത് പറയുന്നത്. അദ്ദേത്തിന്റെ വാക്കുകൾ നമ്മളിൽ നൊമ്പരമുണർത്തും. 2012 സെപ്റ്റംബൻ 24ന് ആ നടനതിലകം നമ്മോട് വിട പറഞ്ഞു. നിന്നെ നീ അറിയുകയെന്നത് വളരെ ബുദ്ധിമുട്ടാണ്, നല്ല മനുഷ്യനായത് കൊണ്ടാണ് നല്ല നടനായതെന്ന് വിശ്വസിച്ചിരുന്ന അതുല്യ പ്രതിഭക്ക് ഓർമപ്പൂക്കൾ.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക