Top

'ജാതീയത ഞാന്‍ പറഞ്ഞിട്ടില്ല'; വിനയന്‍ വാക്ക് മാറ്റരുതായിരുന്നെന്ന് പന്തളം ബാലന്‍

'സാർ എനിക്ക് അയച്ച വോയിസ് ക്ലിപ്പ് എന്റെ കയ്യിലുണ്ട്'

13 Sep 2022 2:42 PM GMT
ഫിൽമി റിപ്പോർട്ടർ

ജാതീയത ഞാന്‍ പറഞ്ഞിട്ടില്ല; വിനയന്‍ വാക്ക് മാറ്റരുതായിരുന്നെന്ന് പന്തളം ബാലന്‍
X

'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന പുതിയ ചിത്രത്തിൽ നിന്നും താൻ പാടിയ പാട്ട് ഒഴിവാക്കി എന്ന് ഗായകൻ പന്തളം ബാലൻ നടത്തിയ പ്രതികരണം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്ന് പറയുകയാണ് പന്തളം ബാലൻ. ദളിതനായ തന്റെ ഗാനം ഒഴിവാക്കിയെന്ന് താൻ പറഞ്ഞിട്ടില്ല. ചാതുർവർണ്യത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയിൽ തന്നെ പോലൊരു ഗായകൻ പാടുകയാണെങ്കിൽ അത് നല്ല സന്ദേശം പകരുമെന്നാണ് താൻ പറഞ്ഞത് എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

'പത്തൊമ്പതാം നൂറ്റാണ്ടിലെ എന്റെ ഗാനം സിനിമയിലില്ല. ആ വാർത്ത ഏറെ വൈകിയാണ് ഞാൻ അറിയുന്നത്. കാര്യകാരണ സഹിതം ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഓൺലൈൻ മാധ്യമങ്ങൾ ആ വാർത്ത വളച്ചൊടിച്ചു. അതിൽ എനിക്കൊരു ഉത്തരവാദിത്തവുമില്ല. ഞാൻ പറയാത്ത കാര്യങ്ങളാണത്. ഞാൻ ഉന്നത കുലജാതൻ ഒന്നുമല്ല. എന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് വിനയൻ സാർ എന്നെ സിനിമയിലേക്ക് വിളിച്ചത്. കൊവിഡ് കടുത്തു നിൽക്കുന്ന സമയത്താണ് ഞാൻ ആ പാട്ട് പാടുന്നത്. പിന്നീട് ആ പാട്ടിനെക്കുറിച്ച് ഒരു അറിവുമില്ല. സാർ ചില വരികൾ മാറ്റി പാടണം എന്ന് പറഞ്ഞ ശേഷം ഞാൻ അത് മാറ്റി പാടി. വിനയൻ സാർ സിനിമയുമായി ബന്ധപ്പെട്ട് ഇടുന്ന പോസ്റ്റുകൾ ഞാൻ പങ്കുവെക്കാറുണ്ട്. രണ്ട് വർഷങ്ങൾക്കിപ്പുറം ചിത്രം റിലീസ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നത്. പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ച് വരണം എന്ന് പറഞ്ഞു. തിരക്കുകൾ മൂലം വരാൻ സാധിക്കില്ല എന്ന് ഞാൻ പറഞ്ഞു. എന്റെ ഗാനം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ വിനയൻ സാർ പറയുമെന്നാണ് അയാൾ മറുപടി തന്നത്. വിനയൻ സാറിനെ ഞാൻ വിളിച്ചു. അദ്ദേഹം ഫോണെടുത്തില്ല', പന്തളം ബാലൻ പറഞ്ഞു.

'എന്റെ ഗാനം ഈ സിനിമയിലില്ല എന്ന് എന്നെ അറിയിച്ചത് ഓഡിയോ ലോഞ്ച് ദിവസമായിരുന്നു. അതും വോയിസ് മെസേജിലൂടെയാണ് ഞാൻ അത് അറിയുന്നത്. ഒരു ദളിത് ഗായകന്റെ അവസരം നിഷേധിച്ചു എന്ന തരത്തിൽ വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ വന്നു. യഥാർത്ഥത്തിൽ ആ കാര്യം ഞാൻ അറിഞ്ഞതല്ല. ഇങ്ങനെയാണ് തെറ്റായ വാർത്തകൾ കൊടുത്ത് മനുഷ്യരെ വേർതിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ചാതുർവർണ്യത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയിൽ എന്നെ പോലൊരു ഗായകനെ പാടിക്കുകയാണെങ്കിൽ നല്ലൊരു സന്ദേശമാണ് അത് സമൂഹത്തിന് നൽകുന്നത്. ഞാൻ ചോദിച്ചത് രണ്ട് കാര്യമാണ്. എന്നോട് പാട്ടിന്റെ കാര്യം പറയുന്നത് ഓഡിയോ ലോഞ്ച് സമയത്താണ്. സാർ ഇപ്പോൾ അത് തിരിച്ചിട്ടുണ്ട്, നേരത്തെ അറിയിച്ചതായി. ഞാൻ കള്ളം പറയില്ല. അവരൊക്കെ വലിയ വലിയ ആളുകളാണ്. ഞാൻ വെറും സാധാരണക്കാരൻ ആണ്', അദ്ദേഹം വ്യക്തമാക്കി.

മുൻപും തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും താൻ പ്രതിഷേധിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 'ഒരു വലിയ സിനിമയുടെ ഭാഗമാകാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നാൽപ്പത് വർഷത്തോളമായി നിരവധി വേദികളിൽ പാടിയ വ്യക്തിയാണ് ഞാൻ. ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. പകൽപ്പൂരം സിനിമയുടെ ടൈറ്റിൽ സോങ് ഞാൻ പാടിയതാണ്. എന്നാൽ ആ സിനിമയിൽ എന്റെ പേര് ഉപയോഗിച്ചില്ല. ആ ഓൺലൈൻ ചാനൽ കൊടുത്ത സ്റ്റേറ്റ്മെന്റ് എന്റേതല്ല. അത് കണ്ട് വിനയൻ സാർ താൻ അത് നേരത്തെ അറിയിച്ചിരുന്നു എന്ന് പറഞ്ഞു. എന്നാൽ അത് തെറ്റാണ്. സംഗീത സംവിധായകൻ എം ജയചന്ദ്രനോ വിനയൻ സാറോ എന്നെ ഒന്നും അറിയിച്ചില്ല. അതിൽ എനിക്ക് പ്രതിഷേധമില്ല', പന്തളം ബാലൻ പറഞ്ഞു.

'പല വേദികളിൽ വിനയൻ സാറും ജയചന്ദ്രനും എനിക്ക് അവസരം തന്നു എന്ന് ആവേശത്തോടെ പറഞ്ഞിട്ടുണ്ട്. ആ ഒരു അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്. സിനിമയിൽ പാട്ട് വരുകയോ ഇല്ലാത്തതോ രണ്ടാമത്തെ വിഷയമാണ്. അത് ഇല്ല എന്ന് പറയേണ്ടിയിരുന്നു. കലാകാരന്മാർ വലിപ്പ ചെറുപ്പമില്ലാതെ കാണുക. വിനയൻ സാറിനെ പോലൊരാൾ രാഷ്ട്രീയക്കാരെപോലെ മാറ്റി പറയാൻ പാടില്ലായിരുന്നു. സാർ എനിക്ക് അയച്ച വോയിസ് ക്ലിപ്പ് എന്റെ കയ്യിലുണ്ട്. അത് തെളിയിക്കാൻ ഒന്നും ഞാൻ ഇറങ്ങുന്നില്ല. ഒരു അങ്കത്തിന് ഒന്നുമല്ല ഞാൻ. ആകാശത്ത് കൊണ്ടുപോയിട്ട് എടുത്തിട്ടു എന്നതിലെ സങ്കടം മാത്രമാണ്. എന്നാൽ ജാതീയത ഞാൻ പറഞ്ഞിട്ടില്ല. അതാണ് സത്യം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

story highlights: pandalam balan says that his words were misused in vinayan issue

Next Story