ക്ഷമ ചോദിക്കുന്നു ; ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ പ്രതികരണം ശരിയായില്ലെന്ന് വിനയ് ഫോര്ട്ട്

ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ കുറിച്ചുള്ള ചോദ്യത്തോട് പൊട്ടിച്ചിരിച്ചുകൊണ്ട് വിനയ് ഫോര്ട്ട് പ്രതികരിച്ചത് വിമര്ശനങ്ങള്ക്ക് വഴിവെച്ചിരുന്നു

ക്ഷമ ചോദിക്കുന്നു ; ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ  പ്രതികരണം ശരിയായില്ലെന്ന് വിനയ് ഫോര്ട്ട്
dot image

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ കുറിച്ചുള്ള തന്റെ ആദ്യ പ്രതികരണത്തില് ഖേദം പ്രകടിപ്പിച്ച് നടന് വിനയ് ഫോര്ട്ട്. വളരെ ഗൗരവമേറിയ ഒരു വിഷയത്തോട് പ്രതികരിക്കേണ്ട രീതിയിലായിരുന്നില്ല തന്റെ ശരീരഭാഷയെന്നും അത് ചില സുഹൃത്തുക്കളെ വേദനിപ്പിച്ചതായി അറിഞ്ഞെന്നും വിനയ് ഫോര്ട്ട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിനയ് ക്ഷമ ചോദിച്ചത്.

'ഞാന് ഫൂട്ടേജ് എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് ഇറങ്ങി വരുമ്പോഴാണ് മാധ്യമങ്ങള് സമീപിച്ചത്. ചില ഓണ്ലൈന് മാധ്യമ സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര് റിവ്യു ചോദിക്കാനാണ് വരുന്നതെന്ന് കരുതി, എന്നാല് അവര് ഹേമ കമ്മിറ്റിയെ പറ്റിയാണ് ചോദിച്ചത്.

സിനിമയുടെ ഷോ നടക്കുന്ന സമയത്താണ് റിപ്പോര്ട്ട് വന്നത് എന്നതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതലൊന്നും അറിയാന് കഴിഞ്ഞിരുന്നില്ല. അറിയാത്ത കാര്യത്തെ കുറിച്ച് വായില് തോന്നുന്നത് പറയുന്നത് വിഡ്ഢിത്തമാണെന്നാണ് ഞാന് വിശ്വസിക്കുന്നത്. എന്നാല് ഇക്കാര്യം പറയുന്നതിനിടെയുള്ള എന്റെ ശരീരഭാഷ ശരിയായിരുന്നില്ലെന്ന് വീഡിയോ വീണ്ടും കണ്ടപ്പോള് തോന്നി. ചില സുഹൃത്തുക്കളെ അത് വേദനിപ്പിച്ചതായും അറിഞ്ഞു. എന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചുണ്ടെങ്കില് ക്ഷമ ചോദിക്കുന്നു,' വിനയ് ഫോര്ട്ട് വീഡിയോയില് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ കുറിച്ചുള്ള ചോദ്യവുമായെത്തിയ മാധ്യമങ്ങളോടുള്ള വിനയ് ഫോര്ട്ടിന്റെ പ്രതികരണം കഴിഞ്ഞ ദിവസം ചര്ച്ചയായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തോട്, 'എന്റെ പൊന്നു ചേട്ടാ' എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് നടന് നടന്നു നീങ്ങുന്നതും റിപ്പോര്ട്ടിനെ കുറിച്ച് പഠിക്കാതെ പറയാനാകില്ലെന്ന് പറയുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.

'ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്ന കാര്യമേ അറിഞ്ഞിട്ടുള്ളു. കൂടുതലൊന്നും അറിയില്ല. റിപ്പോര്ട്ടിനെ കുറിച്ച് പഠിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ ചോദ്യത്തിന് എന്തെങ്കിലും മറുപടി പറഞ്ഞിട്ട് കാര്യമില്ലല്ലോ. അറിയാത്ത വിഷയത്തെ കുറിച്ച് ഞാന് സംസാരിക്കാന് നില്ക്കാറില്ല,' എന്നെല്ലാമാണ് വിനയ് ഫോര്ട്ട് പറഞ്ഞിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്: തെളിവുകൾ സർക്കാരിൻ്റെ കയ്യിലുണ്ട്; പറയുന്നത് പച്ചക്കള്ളം: വി ഡി സതീശൻ

ഈ പ്രതികരണത്തിനെതിരെ നിരവധി പേര് വിമര്ശനവുമായി എത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്ട്ടിനോടുള്ള മലയാള സിനിമയിലെ പുരുഷന്മാരുടെ പ്രതികരണത്തിന്റെ ഉദാഹരണമാണിതെന്ന് വരെ അഭിപ്രായങ്ങളുയര്ന്നിരുന്നു. എന്നാല് ഇപ്പോള് നടന് ക്ഷമ ചോദിച്ച് രംഗത്തെത്തിയതോടെ വിമര്ശനങ്ങള് അടങ്ങിയിട്ടുണ്ട്. തിരുത്തലുകളെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഈ വീഡിയോക്ക് താഴെയുള്ള പ്രധാന കമന്റുകള്.

മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാർ: എം കെ മുനീർ

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള് സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന് ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്ക്കാര് രൂപീകരിച്ചത്. ചലച്ചിത്രമേഖലയില് സ്ത്രീകള് നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്ത്തനങ്ങള് പരിശോധിക്കാന് ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില് ആദ്യമായായിരുന്നു.

റിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിവരാവകാശ കമ്മിഷനില് അപ്പീല് എത്തിയത്. അപേക്ഷയിലെ പൊതുതാത്പര്യവും സംശയിക്കപ്പെട്ടു. റിപ്പോര്ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്നതും 2022 ഒക്ടോബര് 22-ലെ വിധിയും സര്ക്കാരിന് അനുകൂലമായി. പിന്നീടെത്തിയ അപ്പീലാണ് വിവരാവകാശ കമ്മിഷണര് എ. അബ്ദുള് ഹക്കീമിന്റെ മുന്നിലെത്തിയത്. വിലക്കപ്പെട്ട വിവരം ഉള്ളതിന്റെ പേരില് ഒരു റിപ്പോര്ട്ട് പൂര്ണമായും രഹസ്യമാക്കി വെക്കരുതെന്ന മുന്വിധിന്യായങ്ങള് കമ്മിഷന് പരിഗണിച്ചു. കേന്ദ്രവിവരാവകാശ കമ്മിഷനും സമാനകേസുകളില് ഇതേ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണവേളയില് കമ്മിഷന് റിപ്പോര്ട്ട് വിവരാവകാശ കമ്മിഷനുമുന്നില് എത്തിക്കാന് സര്ക്കാര് തയ്യാറായിരുന്നില്ല. മേയ് രണ്ടിന് റിപ്പോര്ട്ട് ഹാജരാക്കാനുള്ള നിര്ദേശം സാംസ്കാരിക വകുപ്പും അംഗീകരിച്ചില്ല. ചലച്ചിത്രനയരൂപവത്കരണവുമായി ബന്ധപ്പെട്ട കൂടിയാലോചനകള്ക്ക് റിപ്പോര്ട്ട് മന്ത്രിയുടെ പരിഗണനയിലാണെന്നായിരുന്നു വിശദീകരണം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത് മന്ത്രി ഉൾപ്പെടുന്ന പവർ ഗ്രൂപ്പ് കാരണം: വിനയൻ

തെളിവെടുപ്പിന് ബന്ധപ്പെട്ട രേഖ നിര്ബന്ധമാണെന്ന് പറഞ്ഞ കമ്മിഷന് ഒമ്പതിന് റിപ്പോര്ട്ട് ഹാജരാക്കാന് നിര്ദേശിച്ചു. ഇതിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും നയപരമായ തീരുമാനമായതിനാല് കമ്മിഷന് റിപ്പോര്ട്ട് കൈമാറാന് മന്ത്രിസഭയുടെ അനുമതി വേണമെന്നും അറിയിച്ചു. എന്നാല്, സര്ക്കാര് വാദം തള്ളിയ കമ്മിഷന് 10 ദിവസത്തിനുള്ളില് റിപ്പോര്ട്ട് ഹാജരാക്കാന് കര്ശന നിര്ദേശം നല്കി. വിവരാവകാശനിയമപ്രകാരം രേഖകള് പിടിച്ചെടുത്ത് പരിശോധിക്കാന് അധികാരം നല്കുന്ന വകുപ്പുകള് പരാമര്ശിച്ച് നോട്ടീസും നല്കി. തുടര്ന്നാണ് 295 പേജുള്ള റിപ്പോര്ട്ട് വിവരാവകാശ കമ്മിഷനുമുന്നില് മുദ്രവെച്ച കവറില് എത്തിയത്. മാധ്യമപ്രവര്ത്തകര് നല്കിയ അപ്പീലിലാണ് വിവരാവകാശ കമ്മിഷന്റെ വിധിയുണ്ടായത്. നേരത്തേ വിവരാവകാശ കമ്മിഷന് തള്ളിയ അപേക്ഷകരെ വീണ്ടും പരിഗണിച്ചു. അപേക്ഷകര് മാധ്യമപ്രവര്ത്തകരായതിനാല് എല്ലാവര്ക്കും ഒരേദിവസം പകര്പ്പുനല്കണമെന്നും കമ്മിഷന് പറഞ്ഞു. 2024 ജൂലായ് ആറിനാണ് റിപ്പോട്ട് പുറത്തുവിടാന് വിവരാവകാശ കമ്മിഷന് ഉത്തരവ് വന്നത്. പിന്നീട് നിര്മാതാവ് സജിമോന് പാറയില് റിപ്പോര്ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ആ ഹര്ജി തള്ളുകയായിരുന്നു. ഇതോടെ ഓഗസ്റ്റ് 19ന് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവരികയായിരുന്നു.

dot image
To advertise here,contact us
dot image