Top

'ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചത് പഞ്ചാംഗം നോക്കി'; മാധവന്റെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയ ട്രോള്‍

25 Jun 2022 5:51 AM GMT
ഫിൽമി റിപ്പോർട്ടർ

ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചത് പഞ്ചാംഗം നോക്കി; മാധവന്റെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയ ട്രോള്‍
X

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതം ആപ്ദമാക്കിയൊരുങ്ങുന്ന ചിത്രം 'റോക്കട്രി ദ നമ്പി എഫക്റ്റ്' റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടനും സംവിധായകനുമായ ആര്‍ മാധവന്‍ നടത്തിയ പരാമര്‍ശമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജര്‍ റോക്കറ്റ് വിക്ഷേപിച്ചത് പഞ്ചാംഗം നോക്കിയാണ് എന്നായിരുന്നു മധവന്‍ ഒരു വീഡിയോയില്‍ പറഞ്ഞത്.

'സോളിഡ്, ലിക്വിഡ്, ക്രയോജെനിക് എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഉപയോഗിച്ചാണ് വിദേശ രാജ്യങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. ഇതുപയോഗിച്ച് റോക്കറ്റ് നേരെ ചൊവ്വയില്‍ പോയി ഒരു വര്‍ഷം ഭ്രമണപഥത്തില്‍ ചുറ്റും. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള റോക്കറ്റിന് അത്ര ഉയരത്തില്‍ പോകാന്‍ കഴിയില്ല. സൂര്യന്‍ എവിടെയാണ്, ഗ്രഹങ്ങള്‍, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം എത്ര തുടങ്ങിയ കാര്യങ്ങള്‍ പഞ്ചാംഗത്തിലുണ്ട്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഇതെല്ലാം കണക്ക് കൂട്ടി വെച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് 2014ല്‍ കൃത്യമായ മൈക്രോസെക്കന്‍ഡില്‍ വിക്ഷേപണം നടത്താന്‍ നമുക്കായി. നമ്മുടെ റോക്കറ്റ് ഭൂമിയെ ചുറ്റി, ചന്ദ്രനെ ചുറ്റി, വ്യാഴത്തിന്റെ ഉപഗ്രഹത്തെ ചുറ്റി അങ്ങനെ പലയിടത്ത് നിന്നുമുള്ള ഗുരുത്വാകര്‍ഷണത്തെ ഉപയോഗിച്ച് ചൊവ്വയിലെത്തുകയായിരുന്നു,' എന്നാണ് വീഡിയോയില്‍ മാധവന്‍ പറയുന്നത്.


മാധവന്റെ വീഡിയോ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ശാസ്ത്രഞ്ജന്‍മാരുടെ നേട്ടങ്ങളെ വിമര്‍ശിക്കുന്നതാണ് മാധവന്റെ പരാമര്‍ശമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ചൊവ്വ ദൗത്യത്തില്‍ പഞ്ചാംഗം പ്രധാന പങ്കുവഹിക്കുമ്പോള്‍ എന്നാണ് വീഡിയോ പങ്കുവച്ച് ഒരാള്‍ കുറിച്ചത്. ഇതുപോലെ വിലപ്പെട്ട വിവരങ്ങള്‍ എസ്ആര്‍ഒ അവരുടെ വെബ്‌സൈറ്റില്‍ പങ്കുവയ്ക്കാത്തത് നിരാശകരമാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്. നടനെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. വളരെ ആത്മവിശ്വാസത്തോടെയും ബോധ്യത്തോടെയും സംസാരിക്കുമ്പോള്‍ റോക്കട്രി എന്ന സിനിമ വിഷയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന കമന്റുകളാണ് ഉയരുന്നത്.നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് റോക്കട്രി ദ നമ്പി എഫക്റ്റ് . ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'വെള്ളം' സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് 'റോക്കട്രി ദി നമ്പി എഫക്റ്റ്' നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

Story Highlights; Madhavan get trolls for ISRO scientists launch rocket with the help of panchangam

Next Story