

'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. സൂര്യ നായകനായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബേബി ഹഗ് കാരിയറില്‍ ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്ന സൂര്യ ആയിരുന്നു ഫസ്റ്റ് ലുക്കിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് പൃഥ്വിരാജ് ചിത്രമായ കങ്കാരുവിന്റെ റീമേക്ക് ആണ് സൂര്യ ചിത്രം എന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നത്, ഇപ്പോഴിതാ ഇതിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.
കങ്കാരു സിനിമയില്‍ പൃഥ്വിരാജും സമാനരീതിയില്‍ കുഞ്ഞിനെ എടുക്കുന്നുണ്ട്. കങ്കാരുവിന്‍റെ പോസ്റ്ററിലും ആ ഫോട്ടോ ഉണ്ടായിരുന്നു എന്ന് മാത്രമല്ല ചിത്രത്തിന്‍റെ പേരിന് പിന്നിലെ പ്രചോദനവും അത് ആയിരുന്നു. എന്നാല്‍ രണ്ട് ചിത്രങ്ങള്‍ക്കുമിടയിലെ സാമ്യം ആ പോസ്റ്ററില്‍ മാത്രമേയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യ ചിത്രത്തിന് കങ്കാരുവുമായി ബന്ധമൊന്നുമില്ലെന്ന് തെലുങ്ക് മാധ്യമമായ 123 തെലുങ്ക് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 'സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം ഒരു ഫാമിലി എന്റർടൈനർ ആണ്. ആ സിനിമ നന്നായി തന്നെ വന്നിട്ടുണ്ട്. അല്ലു അർജുൻ ചിത്രം 'അല വൈകുണ്ഠപുരമുലൂ' (അങ്ങ് വൈകുണ്ഠപുരത്ത്) പോലെയുള്ള ഒരു സിനിമയാകും അത്', എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞത്.

അതേസമയം, ജിത്തു മാധവൻ ഒരുക്കുന്ന സിനിമയിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. സൂര്യയെ നായകനാക്കി ആർ ജെ ബാലാജി ഒരുക്കുന്ന കറുപ്പും റിലീസിന് തയ്യാറെടുക്കുകയാണ്. ഈ വർഷം സൂര്യയുടെ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. പരാജയങ്ങൾക്കൊടുവിൽ നടന്റെ ഉദയം കാത്തിരിക്കുകയാണ് ആരാധകർ.
Content Highlights: Suriya film Viswanath and Son is a remake of prithviraj film kangaroo, reports out now