

സീതാ രാമം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജോഡിയാണ് ദുൽഖർ സൽമാൻ-മൃണാൾ താക്കൂർ. സിനിമയിലെ ഇരുവരുടെയും പ്രകടനത്തിനും കെമിസ്ട്രിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രവും വലിയ വിജയം നേടിയിരുന്നു. സിനിമയുടെ വമ്പൻ വിജയത്തിന് പിന്നാലെ ദുൽഖറും മൃണാലും വീണ്ടും ഒന്നിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ ജോഡി വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
ഭീഗി ഭീഗി എന്ന് തുടങ്ങുന്ന മ്യൂസിക്കൽ ആൽബത്തിനായിട്ടാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. ഒരു ലവ് സ്റ്റോറിയായി ഒരുക്കിയ ഗാനത്തിനായി സംഗീതം നൽകിയത് എ ആർ റഹ്‌മാൻ ആണ്. എ ആർ അമീൻ, ജാസ്ലീൻ റോയൽ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിൽ ദുൽഖറിനും മൃണാലിനും ഒപ്പം എ ആർ അമീനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇർഷാദ് കാമിൽ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിനോടകം ഗാനത്തിന് ലഭിക്കുന്നത്. മൃണാലിന്റെയും ദുൽഖറിനെയും കെമിസ്ട്രി പതിവ് പോലെ ഗംഭീരമായിട്ടുണ്ടെന്നും ഗാനം മികച്ചുനിൽക്കുന്നു എന്നുമാണ് കമന്റുകൾ.
മലയാളത്തിൽ ഐ ആം ഗെയിം ആണ് ഇനി പുറത്തിറങ്ങാനുള്ള ദുൽഖർ ചിത്രം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.
കാന്തയാണ് അവസാനമായി പുറത്തിറങ്ങിയ ദുൽഖർ ചിത്രം. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും ലഭിച്ചിരുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Content Highlights: Dulquer salmaan and mrunal thakur once again paired for a music video afrer seetha ramam