

നടി ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം ഉപയോഗം നിർത്തിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഇൻസ്റ്റഗ്രാമിൽ ഒരുപാട് സമയം താൻ ചിലവഴിക്കാൻ തുടങ്ങിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങളിൽ താൻ ഇൻഫ്ലുൻസഡ് ആകാൻ തുടങ്ങിയപ്പോഴാണ് അത് ഉപേക്ഷിച്ചതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
'ഇൻസ്റ്റഗ്രാമിൽ ഒരുപാട് സമയം ഞാൻ ചിലവഴിക്കാൻ തുടങ്ങി. എത്ര സമയമാണ് അങ്ങനെ പോകുന്നതെന്ന് ഞാൻ അറിഞ്ഞില്ല. ഷോട്ടിന്റെ ഇടക്കുള്ള സമയം മറ്റുള്ളവരോട് സംസാരിക്കാതെ ഞാൻ റീലും കണ്ടിരിക്കും. ഞാൻ മാത്രമല്ല എന്റെ ചുറ്റുമുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. വളരെ ഉയരത്തിലൊക്കെ ചില സമയത്ത് ലൈറ്റ് സെറ്റ് ചെയ്യാറുണ്ട്. ചില സമയത്ത് ലൈറ്റ് ബോയ്സ് മുകളിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഞാൻ ഒരു ദിവസം നോക്കുമ്പോൾ ഒരു ചേട്ടൻ മുകളിൽ ഇരുന്നു ഫോണിൽ നോക്കുകയാണ്.
എനിക്കും അത് തന്നെയായിരുന്നു പ്രശ്നം, ശ്രദ്ധ കുറയുന്നുണ്ടായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഞാൻ ഇൻഫ്ലുൻസഡ് ആകാൻ തുടങ്ങി. പോരാത്തതിന് ഭയങ്കര ബഹളം. ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. എന്റെ ഡോഗിന് അക്കൗണ്ട് ഉണ്ട്. എന്തെങ്കിലും ആവശ്യത്തിന് നോക്കണമെങ്കിൽ പെട്ടെന്ന് അത് മാത്രം നോക്കും എനിക്ക് അതിനൊരു ടൈം ലിമിറ്റ് ഉണ്ട്', നടിയുടെ വാക്കുകൾ.
സോഷ്യൽ മീഡിയ അത്യാവശ്യമാണെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ അതിപ്പോൾ തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നും ആണ് ഐശ്വര്യ ലക്ഷ്മി നേരത്തെ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഇല്ലാതെയായാൽ ആളുകൾ തന്നെ മറക്കുമെന്നും എന്നാൽ താൻ ആ റിസ്ക് ഏറ്റെടുക്കാൻ തയ്യാറാണെന്നും ഐശ്വര്യ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് ആരാധകരെ ഐശ്വര്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'.
Content Highlight: Aiswarya Lekshmi reveals the reason about her decision to quit instagram