എമ്പുരാനിൽ വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നു, അത് എഴുതിയത് ഞാൻ ആണെന്ന് ധൈര്യപൂർവ്വം പറയും: മുരളി ഗോപി

'എമ്പുരാൻ ട്രിലജിയുടെ തീം എവിടെ നിന്നുകിട്ടി എന്ന് വ്യക്തമായി പറയാനാകില്ല. ഈ ട്രിലജിയിലെ മൂന്നാം ചിത്രം എപ്പോൾ, എങ്ങനെയെന്നും പറയാനാകില്ല'

എമ്പുരാനിൽ വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നു, അത് എഴുതിയത് ഞാൻ ആണെന്ന് ധൈര്യപൂർവ്വം പറയും: മുരളി ഗോപി
dot image

മോഹൻലാൽ ചിത്രം എമ്പുരാന് നേരെയുണ്ടായ വിവാദങ്ങളെക്കുറിച്ച് മനസുതുറന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എമ്പുരാനിൽ വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നും അത് എഴുതിയത് താനാണന്ന് ധൈര്യപൂർവം പറഞ്ഞ് ഏത് വേദിയിലും എഴുന്നേറ്റുനിൽക്കും എന്നും മുരളി ഗോപി പറഞ്ഞു. ഹിറ്റ്ലറുടെ നാസി ജർമ്മനി മുതൽ ഇന്ത്യയിൽവരെ മാറിമാറി വരുന്ന ഭരണകൂടങ്ങൾ തങ്ങൾക്ക് സമ്മതമുള്ള സിനിമകൾ മാത്രം കണ്ടാൽ മതി എന്ന നയമാണ് പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം സിനിമയുടെ മൂന്നാം ഭാഗം എന്ന് വരുമെന്ന് പറയാനാകില്ലെന്നും 'സിനിമ, കാലം, സാക്ഷി' എന്ന വിഷയത്തിൽ മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസുമായി സംസാരിക്കവേ മുരളി ഗോപി പറഞ്ഞു.

സിനിമാ ചരിത്രത്തിൻ്റെ തുടക്കകാലം മുതൽ ഭരണ കൂടങ്ങൾ സെൻസർഷിപ്പിൻ്റെ കത്രികയുപയോഗിച്ച് സിനിമയുടെ ശക്തി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഹിറ്റ്ലറുടെ നാസി ജർമനി മുതൽ ഇന്ത്യയിൽ വരെ മാറിമാറി വരുന്ന ഭരണകൂടങ്ങൾ തങ്ങൾക്ക് സമ്മതമുള്ള സിനിമകൾ മാത്രം കണ്ടാൽ മതി എന്ന നയമാണ് പിന്തുടരുന്നത്. 'എമ്പുരാൻ' സിനിമ പുറത്തുവരുമ്പോൾ വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നു. പല വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. അതിനെ അഭിമുഖീകരിക്കുകതന്നെവേണം. സിനിമ പ്രദർശനത്തിനെത്തിക്കഴിഞ്ഞാൽ എഴുതിയ ആളല്ല, ആ സിനിമയാണ് പിന്നീട് സംസാരിക്കേണ്ടത്. എന്നാൽ അത് എഴുതിയത് താനാണന്ന് ധൈര്യപൂർവ്വം പറഞ്ഞ് ഏത് വേദിയിലും എഴുന്നേറ്റുനിൽക്കും. എമ്പുരാൻ ട്രിലജിയുടെ തീം എവിടെ നിന്നുകിട്ടി എന്ന് വ്യക്തമായി പറയാനാകില്ല. ഈ ട്രിലജിയിലെ മൂന്നാം ചിത്രം എപ്പോൾ, എങ്ങനെയെന്നും പറയാനാകില്ല. സിനിമയിൽ 'കണ്ടന്റ്' ആണ് രാജാവ്.

ഒരു ഭയത്തിനും വിവാദങ്ങൾക്കും അടിപ്പെടാതെ ചിന്തകളെ സത്യസന്ധമായി എഴുതാനാണ് താൻ ശ്രമിക്കുക. 'ധൈര്യം, ധൈര്യമാകുന്നത് അൽപ്പം ഭയം കൂടി കലരുമ്പോഴാണ്' എന്ന് താൻതന്നെ എഴുതിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ മുഖമില്ലാത്തവരുടെ ആക്രമണമാണ് സത്യം എഴുതുന്നവർ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന് ഇഷ്ടമുള്ള സിനിമകൾക്ക് നികുതി ഒഴിവാക്കിക്കൊടുക്കുന്ന രീതി എപ്പോഴുമുണ്ട്. കശ്മീർ ഫയൽസിനും കേരളാ സ്‌റ്റോറിക്കുമൊക്കെ ആ ഇളവ് ലഭിച്ചു', മുരളി ഗോപിയുടെ വാക്കുകൾ.

empuraan poster

നിരവധി വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങിയ ചിത്രമായിരുന്നു എമ്പുരാൻ. മാർച്ച് 27നായിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 20 ൽ കൂടുതൽ ഭാഗങ്ങളാണ് സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു.

Content Highlights: Controversy was expected in Empuraan, I will boldly say that I wrote it says Murali Gopi

dot image
To advertise here,contact us
dot image