

സൗത്ത് ഇന്ത്യൻ സിനിമാമേഖലയിലെ താരറാണികളാണ് നയൻതാരയും തൃഷയും. വർഷങ്ങളായി സിനിമയിൽ തുടരുന്ന ഇരുവർക്കും വലിയ ആരാധകവൃന്ദമാണുള്ളത്. സിനിമയിൽ വന്ന നാളുകളിൽ ഏറെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്നും എന്നാൽ പിന്നീട് തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു എന്നുമായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായുള്ള അഭ്യൂഹങ്ങൾ.
ഇരുവരും പരസ്പരം സംസാരിക്കുകയില്ലെന്നും ഒരേ വേദി പങ്കിടില്ലെന്നുമെല്ലാം പലരും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങളെല്ലാം ഒരൊറ്റ ചിത്രത്തിലൂടെ ഇല്ലാതായിരിക്കുകയാണ്. നയൻതാരയും തൃഷയും ഒന്നിച്ചുള്ള ചിത്രം ഇരുവരും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പങ്കുവെച്ചത്. ദുബായ് യാച്റ്റ് ട്രിപ്പിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവർ ഇൻസ്റ്റയിൽ ഷെയർ ചെയ്തത്. രണ്ട് പേരും കറുത്ത നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് സ്റ്റെലിഷ് ലുക്കിലാണ് ഫോട്ടോയിൽ വന്നിരിക്കുന്നത്.

നയൻതാരയും തൃഷയും തമ്മിൽ അകലാനിടയായ കാരണത്തെ കുറിച്ച് കാര്യമായ വാർത്തകളൊന്നും ഇക്കാലയളവിൽ പുറത്തുവന്നിട്ടില്ല. ചില തർക്കങ്ങൾ ഇരുവർക്കും തമ്മിൽ ഉടലെടുത്തു എന്നാണ് പറയപ്പെടുന്നത്. ഈ അഭ്യൂഹങ്ങളെയെല്ലാം നേരത്തെയും തൃഷ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ഒരു സുഹൃത്ത് തന്നോട് പെട്ടെന്ന് സംസാരിക്കാതായതിനെ കുറിച്ച് നയൻതാര പറഞ്ഞിരുന്നു. ഇത് തൃഷ ആണെന്നായിരുന്നു സിനിമാവൃത്തങ്ങൾ പറഞ്ഞിരുന്നത്.
എന്തായാലും, നയൻതാരയും തൃഷയും ഒന്നിച്ചുള്ള ചിത്രം വന്നത് ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായി കടന്നുവന്ന ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇരുവരെയും ബിഗ് സ്‌ക്രീനിൽ ഒന്നിച്ച് കാണാൻ കഴിയുമോ എന്ന ചോദ്യവും കമന്റുകളിൽ പലരും ഉന്നയിക്കുന്നുണ്ട്.
അതേസമയം, നയൻതാര നായികയായി എത്തിയ മന ശങ്കര വര പ്രസാദ് ഗാരു തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടുന്നുണ്ട്. ടോക്‌സിക്, മൂക്കുത്തി അമ്മൻ 2, മന്നാൻഗട്ടി സിൻസ് 1960, ഡിയർ സ്റ്റുഡന്റ്‌സ്, പാട്രിയറ്റ്, തുടങ്ങിയവയാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
കഴിഞ്ഞ വർഷം നിരവധി വമ്പൻ സിനിമകളിലാണ് തൃഷ നായികയായി എത്തിയത്. ഐഡിന്റിറ്റി, വിടാമുയർച്ചി,ഗുഡ് ബാഡ് അഗ്ലി, തഗ് ലൈഫ് എന്നീ സിനിമകളിൽ ചിലതേ വിജയം കണ്ടുള്ളു എങ്കിലും തൃഷയുടെ പെർഫോമൻസ് ശ്രദ്ധ നേടിയിരുന്നു. കറുപ്പ്, വിശ്വംഭര എന്നിവരയാണ് നടിയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: Nayanthara and Trisha shares a pic together hinting the rumoured rivalry is ending