

ജീവയെ നായകനാക്കി നിതീഷ് ഒരുക്കിയ തമിഴ് ചിത്രമാണ് 'തലൈവർ തമ്പി തലൈമയിൽ'. പൊങ്കൽ റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ശിവകാർത്തികേയൻ ചിത്രമായ പരാശക്തിക്ക് ഒപ്പമാണ് ഈ ചിത്രം പുറത്തുവന്നത്. ഇപ്പോഴിതാ ശിവകാർത്തികേയനെക്കുറിച്ച് ജീവ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാകുകയാണ്.
ശിവകാർത്തികേയൻ ജീവയ്ക്ക് എതിരാളിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് ശിവകാര്‍ത്തികേയൻ തനിക്ക് എതിരാളി അല്ലെന്നും സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നത് തികച്ചും യാദൃച്ഛികമായി ആണെന്നും ജീവ പറഞ്ഞു. രവി മോഹനും ചിമ്പുവുമൊക്കെയാണ് സിനിമ തുടങ്ങിയ കാലം മുതലുള്ള എതിരാളികൾ. ശിവകാർത്തികേയൻ എതിരാളിയേ അല്ല. മത്സരം നടക്കുന്നത് നടന്മാരുമായല്ല, അവരുടെ മാർക്കറ്റിങ് ടീമുമായാണ് എന്നും ജീവ തമാശരൂപേണ പറഞ്ഞു. ‘അഗാത്തിയ’ എന്ന സിനിമയുടെ പ്രമോഷനിടെ ജീവ പറഞ്ഞ വാക്കുകള ആണ് ഇവ.
ഒരു കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ തലൈവർ തമ്പി തലൈമയ്ക്ക് സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള നടൻ ജീവയുടെ മികച്ച ഓപ്പണിങ് നേടിയ സിനിമ കൂടിയാണിത്. സിനിമയിൽ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും ജീവയുടെ കംബാക്ക് ആണ് ഈ സിനിമയെന്നുമാണ് കമന്റുകൾ. ചിത്രം നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഫാലിമി പോലെ എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ചിത്രം ഒരു മലയാളം സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. ആദ്യ ദിനം മികച്ച കളക്ഷൻ ആണ് സിനിമ നേടിയിരിക്കുന്നത്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
#Jiiva Says #SivaKarthikeyan is Not My Competitor 😮😮 Such a Shocking Statement ‼️pic.twitter.com/CQz8xamb2d
— Kerala Box Office (@KeralaBxOffce) January 16, 2026
അതേസമയം, ശിവകാർത്തികേയൻ ചിത്രം പരാശക്തി ബോക്സ് ഓഫീസിൽ 50 കോടിയും കടന്നു മുന്നേറുകയാണ്. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെ തമിഴ് നാട്ടിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം.
Content Highlights: Jiiva's old interview about sivakarthikeyan goes viral again