

ജനനായകൻ ഓഡിയോ ലോഞ്ചിൽ നടി മമിത ബൈജു പാട്ട് പാടുന്ന ഒരു വീഡിയോ വലിയ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. 'അഴകിയ തമിഴ് മകൻ' ചിത്രത്തിലെ 'എല്ലാ പുകഴും' എന്ന ഹിറ്റ് ഗാനത്തിലെ 'നാളെ നാളെ…' എന്ന് തുടങ്ങുന്ന ഭാഗമായിരുന്നു മമിത സ്റ്റേജിൽ പാടിയത്. വേദിയിൽ വെച്ച് നടത്തിയ പ്രസംഗത്തിനിടെ ആയിരുന്നു ഇത്.
ഓഡിയോ ലോഞ്ച് സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെ നിമിഷനേരം കൊണ്ടാണ് പരിപാടിയിലെ മമിതയുടെ ഈ പാട്ട് ട്രോളന്മാരുടെ കയ്യിലെത്തിയത്. ഇതേ കുറിച്ച് രമേഷ് പിഷാരടി അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്താണ് വൈറലാവുക എന്ന് ആർക്കും പറയാൻ കഴിയില്ല എന്നായിരുന്നു മമിതയുടെ നാളെ നാളെ ട്രോളുകളെ ഉദാഹരണമാക്കികൊണ്ട് രമേഷ് പിഷാരടി പറഞ്ഞത്.

'എന്ത് വൈറലാവും, എന്ത് വൈറലാകില്ലെന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ല. വൈറലാവാൻ വേണ്ടി പലരും ചെയ്യുന്ന പലതും വൈറലാകാറില്ല. പക്ഷേ വൈറലാവണ്ട എന്ന് കരുതുന്ന പലതും അപ്രതീക്ഷിതമായി എയറിൽ പോകും. എന്നോട് പലരും 'ഇത് ഒന്ന് ഷെയർ ചെയ്യൂ, വൈറലാകും' എന്ന് പറഞ്ഞ് വീഡിയോകൾ അയക്കാറുണ്ട , പക്ഷേ ഞാൻ ഷെയർ ചെയ്തതൊന്നും വൈറലായിട്ടുമില്ല, വൈറൽ ആയ ഒന്നും ഞാൻ ഷെയർ ചെയ്തിട്ടുമില്ല,' റെഡ്എ.ഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രമേഷ് പിഷാരടി ഇത് പറഞ്ഞത്. രമേഷ് പിഷാരടി പറഞ്ഞ ഈ കാര്യവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി.
വീഡിയോക്ക് താഴെ കമന്റുമായി മമിത ബൈജു തന്നെ പിന്നീട് വരികയായിരുന്നു. പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയാണ് മമിതയുടെ കമന്റ്. നടി എന്തൊരു കൂളായാണ് ട്രോളുകളെ എടുക്കുന്നത് എന്ന് ഇതിൽ നിന്ന് മനസിലാക്കാം എന്നാണ് പലരുടെയും കമന്റ്. വീഡിയോ വൈറലായ സമയത്ത് തന്നെ നടി കമന്റുമായി എത്തിയിരുന്നു. പക്ഷെ കമന്റ് ഇപ്പോഴാണ് സമൂഹമാധ്യമങ്ങളുടെ കണ്ണിൽ പെട്ടിരിക്കുന്നത്.

അല്ലെങ്കിലും മമിത പൊളിയല്ലേ എന്ന് പറഞ്ഞുകൊണ്ട് ഇമോജി കമന്റിനെ മമിത ഫാൻസ് ആഘോഷിക്കുന്നുണ്ട്. ഒരു പാട്ടിന്റെ പേരിൽ നടിയെ ഇങ്ങനെ ട്രോളേണ്ട കാര്യമില്ലായിരുന്നു എന്നും ചിലർ പറയുന്നുണ്ട്.
അതേസമയം, തമിഴിലും മലയാളത്തിലും മികച്ച ലൈനപ്പുമായാണ് മമിത 2026നെ വരവേല്‍ക്കുന്നത്. വിജയ്‌ക്കൊപ്പം ജനനായകനിൽ വലിയ പ്രാധാന്യമുള്ള വേഷത്തിലാണ് ജനനായകനിൽ നടി എത്തുന്നത്. പ്രേമലുവിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ്, സൂര്യയ്ക്കും ധനുഷിനും ഒപ്പമുള്ള ചിത്രങ്ങൾ എന്നിങ്ങനെ ഒരുപിടി സിനിമകളില്‍ മമിതയാണ് നായിക.
Content Highlights : Mamitha Baiju's emoji reply to Nale Nale song trolls and Ramesh Pisharody's comment in the interview