

മുംബൈ: മഹാരാഷ്ട്രയിലെ കോർപറേഷനുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാഗ്പൂർ കോർപറേഷനിൽ മുസ്‌ലിം ലീഗിന് നാല് സീറ്റിൽ വിജയം. മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ് പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്. മുസ്‌ലിം, ദളിത്, സിഖ് സമൂഹങ്ങൾക്ക് നിർണായക സ്വാധീനമുള്ള പ്രഭാഗ് 6ൽ നിന്ന് കോണി ചിഹ്‌നത്തിൽ മത്സരിച്ചാണ് നാലു സ്ഥാനാർഥികളും വിജയിച്ചു കയറിയത്.
ബിജെപി, കോൺഗ്രസ്, ബി എസ് പി, എൻസിപി, എംഐഎം തുടങ്ങി പ്രധാന പാർട്ടികളോട് ശക്തമായ പോരാട്ടം നടത്തിയാണ് തനിച്ചു മത്സരിച്ച മുസ്‌ലിം ലീഗ് വിജയം നേടിയത്. 63,000 വോട്ടുകൾ ഉള്ള പ്രഭാഗ് 6 വാർഡിൽ നിന്നാണ് അസ്‌ലം ഖാൻ മുല്ല വിജയിച്ചത് അമരാവതി, മുമ്പ്ര, മുംബൈ എന്നിവിടങ്ങളിലും മികച്ച വോട്ട് നേടാൻ പാർട്ടി സ്ഥാനാർതികൾക്കു കഴിഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ സംസ്ഥാന നേതാക്കൾ വിജയികളെ അഭിനന്ദിച്ചു. മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിലെ പ്രമുഖ പാർട്ടികളുടെ വെല്ലുവിളികൾ അതിജീവിച്ച് നാഗ്പൂരിൽ മുസ്‌ലിം ലീഗ് നേടിയ വിജയം ആവേശം നൽകുന്നതാണെന്നും, ഉത്തരേന്ത്യയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫ:ഖാദർ മൊയ്‌ദീൻ, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പ്രതികരിച്ചു.
Content Highlights: In the 2026 Nagpur Municipal Corporation elections, the Indian Union Muslim League secured 4 seats amid BJP's dominant victory with 102 seats out of 151 in Maharashtra's civic polls