

ടോക്സിക് സിനിമയിൽ യഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ടീസറിന് നേരെ ലഭിക്കുന്നത്, ഇപ്പോഴിതാ ടീസർ പിൻവലിക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി വനിതാ വിഭാഗം കർണാടക സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകിയിരിക്കുകയാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതും കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതുമായ അശ്ലീല ദൃശ്യങ്ങൾ ടീസറിൽ അടങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ ആരോപിച്ചു. ടീസർ ഉടൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രായപരിധിയോ മുൻകരുതൽ മുന്നറിയിപ്പോ ഇല്ലാതെയാണ് ടീസർ പുറത്തിറക്കിയതെന്നും ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും പ്രായപൂർത്തിയാകാത്തവരെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയില്‍ പറഞ്ഞു. ആം ആദ്മി സംസ്ഥാന സെക്രട്ടറി ഉഷാ മോഹനാണ് പരാതി നൽകിയത്.
പരാതിയെ തുടർന്ന്, കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു (സിബിഎഫ്‌സി) വിഷയത്തിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് കത്തെഴുതി. നിയമങ്ങൾക്കനുസൃതമായി ടീസർ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് സമർപ്പിക്കാനും സിബിഎഫ്‌സിയോട് അഭ്യർത്ഥിച്ചു.
അതേസമയം, മാർച്ച് 19 ന് ടോക്‌സിക് ആഗോളതലത്തിൽ റീലീസ് ചെയ്യുമെന്ന് നിർമാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്‌സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ യഷും ഗീതുവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് ഇതിൽ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിർമാതാക്കൾ എത്തുകയായിരുന്നു.
Content Highlights: Aam Aadmi Party files complaint with Women's Commission against 'Toxic' teaser