

കിച്ച സുദീപ്, സാമന്ത, നാനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കിയ സിനിമയാണ് ഈച്ച. ഒരു ഈച്ച നായകനായി എത്തിയ സിനിമയിൽ കിച്ച സുദീപ് അവതരിപ്പിച്ച വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. വലിയ പ്രശംസകളാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. ബോക്സ് ഓഫീസിൽ നിന്നും സിനിമ 100 കോടിയോളം നേടിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ചിത്രം റീ റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
2026 ൽ ഈച്ച വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തും. രാജമൗലിയുടെ അടുത്ത സിനിമയായ വാരണാസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ചിത്രം 3D യിലും എത്തുമെന്നും റിപ്പോർട്ടുണ്ട്. വ്യത്യസ്തമായ അവതരണവും കഥ പറച്ചിലും നടത്തിയ ചിത്രം വലിയ പ്രേക്ഷക പ്രീതിയാണ് പിടിച്ചുപറ്റിയത്. തെലുങ്കിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തിരുന്നു. 2012ലാണ് ഈച്ച എന്ന രാജമൗലി ചിത്രം റിലീസ് ചെയ്യുന്നത്. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം 130 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. ഈഗ എന്നാണ് സിനിമയുടെ തെലുങ്കിലെ പേര്.

അതേസമയം, മഹേഷ് ബാബു ചിത്രം വാരണാസിയാണ് ഇനി പുറത്തിറങ്ങാനുള്ള രാജമൗലി ചിത്രം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
We are bringing Eega to the big screen in 2026. Wait for it.
— Varanasi (@VaranasiMovie) December 27, 2025
രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: SS Rajamouli film Eega re releasing in 2026