വൺ ലാസ്റ്റ് ടൈം, 'ജനനായകൻ എന്‍റെ അവസാന സിനിമ'; ആരാധകരെ നിരാശയിലാക്കി വിജയ്‌യുടെ വാക്കുകൾ

'എനിക്കായി എല്ലാം വിട്ടുനൽകിയ ആരാധകർക്ക് ഞാൻ എന്റെ സിനിമയെ വിട്ടുനൽകുന്നു'

വൺ ലാസ്റ്റ് ടൈം, 'ജനനായകൻ എന്‍റെ അവസാന സിനിമ'; ആരാധകരെ നിരാശയിലാക്കി വിജയ്‌യുടെ വാക്കുകൾ
dot image

വിജയ്‌യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ചിത്രമാണ് ജനനായകൻ. സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്നലെ മലേഷ്യയിൽ നടന്നിരുന്നു. വലിയ വരവേൽപ്പാണ് ഈ ചടങ്ങിന് ലഭിച്ചത്. ലക്ഷക്കണക്കിന് വിജയ് ആരാധകർ ആണ് പരിപാടിയിൽ പങ്കെടുത്തത്. ഇപ്പോഴിതാ ജനനായകൻ തന്റെ അവസാന സിനിമയാകും എന്നും മനസുതുറക്കുകയാണ് വിജയ്.

'നിങ്ങളോടുള്ള നന്ദി ഞാന്‍ ഒരു വാക്കില്‍ നിര്‍ത്തില്ല. മൺവീട് മോഹിച്ചാണ് സിനിമയിൽ എത്തിയത്. നിങ്ങൾ എനിക്ക് ഒരു കൊട്ടാരം നൽകി. 33 വർഷം ഒരാളെ പിന്തുണയ്ക്കുക എളുപ്പമല്ല. നിങ്ങൾക്ക് വേണ്ടി നിന്ന് നിങ്ങളോട് നന്ദി അറിയിക്കണമെന്നാണ് ആഗ്രഹം. എനിക്കായി എല്ലാം വിട്ടുനൽകിയ ആരാധകർക്ക് ഞാൻ എന്റെ സിനിമയെ വിട്ടുനൽകുന്നു', വിജയ്‌യുടെ വാക്കുകൾ. നേരത്തെ ജനനായകൻ ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിൽ പ്രതികരിച്ച് സംവിധായകൻ എച്ച് വിനോദ് എത്തിയിരുന്നു. ജനനായകന്‍ ഒരു റീമേക്ക് ചിത്രമാണെന്ന തരത്തില്‍ വന്ന എല്ലാ വാര്‍ത്തകളെയും സംവിധായകന്‍ എച്ച് വിനോദ് തള്ളിയിരിക്കുകയാണ്. നിങ്ങള്‍ കാണാന്‍ പോകുന്നത് നൂറു ശതമാനം ദളപതി ചിത്രമായിരിക്കും എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മലേഷ്യയില്‍ തടിച്ചൂകൂടിയ ആരാധകരെ കുറിച്ചും വിജയ് ചടങ്ങില്‍ വാചാലനായി. ശ്രീലങ്കയ്ക്ക് ശേഷം മലേഷ്യയിലാണ് തമിഴ് ജനസംഖ്യ ഏറ്റവും കൂടുതല്‍ ഉള്ളതെന്ന് പറഞ്ഞ വിജയ്, തന്റെ സുഹൃത്ത് അജിത്തിന്റെ ബില്ല എന്ന ചിത്രവും തന്റെ തന്നെ കാവലന്‍, കുരുവി എന്നീ ചിത്രങ്ങളും മലേഷ്യയിലാണ് ചിത്രീകരിച്ചതെന്നും ഓര്‍മിപ്പിച്ചു. ചിത്രത്തില്‍ വിജയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന പൂജ ഹെഗ്ഡെ, ജനനായകന്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമാവുന്നതിലുള്ള നിരാശയാണ് പങ്കുവച്ചത്. ബീസ്റ്റില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നെന്ന് പറഞ്ഞ പൂജ, ആളുകള്‍ അറബിക്കുത്ത് 2 എപ്പോഴാണെന്ന് ചോദിക്കാറുണ്ടെന്നും പറഞ്ഞു. വലിയ താരമായിട്ടും എളിമ സൂക്ഷിക്കുന്ന വിജയ്‌യെ പോലെയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൂജ പറഞ്ഞു.

jananayagan

അതേസമയം, ജനുവരി 9 ന് പൊങ്കല്‍ റീലിസായാണ് ജനനായകന്‍ തിയേറ്ററുകളിലെത്തുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി സ്ഥാപിച്ചുകൊണ്ടാണ് വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്.

Content Highlights: Vijay says Jananayagn is his last film

dot image
To advertise here,contact us
dot image