

ബെംഗളൂരു: ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ നടപടിയെ വിമർശിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കർണാകടയിലെ കോൺഗ്രസ് സർക്കാർ ബുൾഡോസർ സംസ്കാരത്തിൽ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. "കാര്യത്തിന്റെ വസ്തുതകൾ അറിയാതെയാണ് വിജയൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞതെന്നും ഡി കെ ശിവകുമാർ കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനകളും പ്രതിഷേധങ്ങളുമാണ് നടക്കുന്നതെന്നും ഡി കെ ശിവകുമാർ കുറ്റപ്പെടുത്തി. വസ്തുതകൾ അറിയാതെ പിണറായി വിജയൻ കർണാടകയിലെ കാര്യങ്ങളിൽ അഭിപ്രായം പറയരുതെന്ന് പറഞ്ഞ കർണാടക ഉപമുഖ്യമന്ത്രി വരാനിരിക്കുന്ന കേരള തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയൻ്റേതെന്നും വിമർശിച്ചു.
പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ ഖരമാലിന്യ നിക്ഷേപ കേന്ദ്രമായി ഉപയോഗിക്കുന്ന സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ചതാണെന്നും കർണാടക ഉപമുഖ്യമന്ത്രി വ്യക്തമാക്കി. കൈയേറ്റം ഒഴിപ്പിച്ച ഭൂമി ഒരു ഖരമാലിന്യക്കുഴിയായിരുന്നു. ഇതുമൂലം പ്രദേശത്ത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. അവർക്ക് മറ്റ് പ്രദേശങ്ങളിലേക്ക് മാറാൻ ഞങ്ങൾ അവസരം നൽകിയിരുന്നു എന്നായിരുന്നു ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. ഞങ്ങൾക്ക് ബുൾഡോസർ സംസ്കാരമില്ല. അങ്ങനെ സംസാരിക്കരുതെന്ന് ഞാൻ പിണറായി വിജയനോട് അഭ്യർത്ഥിക്കുന്നു. നഗരമധ്യത്തിലുള്ള സർക്കാർ ഭൂമി മാത്രമാണ് ഞങ്ങൾ സംരക്ഷിക്കുന്നത് എന്നായിരുന്നു 'ബുൾഡോസർ രാജ്' ആരോപണം നിഷേധിച്ചു കൊണ്ട് ശിവകുമാർ വ്യക്തമാക്കിയത്.
ഈ ജനവാസ കേന്ദ്രങ്ങളിൽ ഭൂമാഫിയയുടെ ഇടപെടലും ഡി കെ ശിവകുമാർ ചൂണ്ടിക്കാണിച്ചു. ഭൂമി കയ്യേറ്റത്തിനായി ഇത്തരത്തിൽ സർക്കാർ ഭൂമിയിൽ ഭൂമാഫിയ ചേരികൾ സ്ഥാപിക്കുകയാണെന്നും അതിന് അനുവദിക്കില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. യോഗ്യരായ ആളുകളുണ്ടെങ്കിൽ രാജീവ് ഗാന്ധി പദ്ധതി പ്രകാരം വീടുകൾ നൽകാൻ ഞങ്ങൾ തയ്യാറാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.
മറ്റ് നഗരങ്ങളെപ്പോലെയല്ല ബെംഗളൂരു, ഞങ്ങൾക്ക് അധികം ചേരികളില്ല. ഇത് കൃഷ്ണ ബൈരേ ഗൗഡയുടെ മണ്ഡലമാണ്, അദ്ദേഹം ഇതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഇതിന് ന്യൂനപക്ഷങ്ങളുമായി ഒരു ബന്ധവുമില്ല. യഥാർത്ഥത്തിൽ ബാധിക്കപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ, അവർക്ക് മറ്റെവിടെയെങ്കിലും വീട് നൽകും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻറെയും കീഴിലുള്ള കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ ദരിദ്രർക്കായി ലക്ഷക്കണക്കിന് വീടുകൾ നിർമ്മിച്ചു നൽകി എന്നും ശിവകുമാർ പ്രതികരിച്ചു.
സാധുവായ രേഖകളുമായി കർണാടകയിൽ താമസിക്കുന്ന ഏതൊരാൾക്കും ആവശ്യമായ പിന്തുണ നൽകും. ഇതുസംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട് എന്നായിരുന്നു കുടിയിറക്കപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനോടുള്ള ഡി കെ ശിവകുമാറിൻ്റെ പ്രതികരണം.
നേരത്തെ ബെംഗളൂരുവിലെ പൊളിച്ചുമാറ്റൽ നടപടിയെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും എന്തു പറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരെയാണ് നേതാക്കളുടെ പ്രതികരണം. 'വീടുകൾ ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയും ഉണ്ടാക്കുന്നതാണ്. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവെച്ചുവരുമ്പോൾ അതിന്റെ കാർമികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസിനാണ് എന്നത് ആശ്ചര്യമാണ്' എന്നും പിണറായി വിജയൻ കുറിച്ചിരുന്നു.
ഡിസംബർ 22 ന് പുലർച്ചെ ബെംഗളൂരുവിലെ കൊഗിലു ഗ്രാമത്തിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും നടത്തിയ പൊളിച്ചുമാറ്റൽ നടപടിയിൽ ഏകദേശം 400 കുടുംബങ്ങൾ ഭവനരഹിതരായി എന്ന ആരോപണമാണ് ഉയരുന്നത്. മുൻകൂർ അറിയിപ്പ് കൂടാതെ തങ്ങളെ ഒഴിപ്പിക്കുകയും തെരുവുകളിൽ രാത്രി ചെലവഴിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തുവെന്നാണ് ഈ പ്രദേശത്തെ താമസക്കാരുടെ അവകാശവാദം. കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും രണ്ട് പതിറ്റാണ്ടിലേറെയായി ഈ പ്രദേശത്ത് താമസിക്കുന്നവരാണെന്നും ഇവർക്ക് ആധാർ കാർഡുകളും വോട്ടർ ഐഡികളും ഉണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ബുൾഡോസറുകൾ ഉപയോഗിച്ചുള്ള പൊളിച്ചു നീക്കലിൽ ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറുമായും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസാരിച്ചു. മനുഷ്യത്വപരമായ വശങ്ങൾക്ക് മുൻഗണന നൽകിയാകണം നടപടികളെന്നും ജാഗ്രതയോടെയും കരുതലോടെയും വേണമായിരുന്നു ഇത്തരം നടപടികൾ കൈക്കൊള്ളേണ്ടിയിരുന്നത് എന്ന എഐസിസി നിലപാടും ഇരുവരെയും അറിയിച്ചു.
Content Highlights: No bulldozer culture DK Shivakumar Criticize Pinarayi Vijayan on Bengaluru demolition drive