

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഡിസംബർ 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഓർമാക്സ് മീഡിയ ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.
ആയുഷ്മാൻ ഖുറാന, രശ്‌മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ താമ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 3.1 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. മഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് താമ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. രശ്മികളുടെ തന്നെ മറ്റൊരു സിനിമയായ ദി ഗേൾഫ്രണ്ട് ആണ് രണ്ടാം സ്ഥാനത്ത്. 2.3 മില്യൺ വ്യൂസ് ആണ് സിനിമ ഈ വാരം നേടിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവേൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
ദുൽഖർ സൽമാൻ ചിത്രം കാന്ത ആണ് മൂന്നാം സ്ഥാനത്ത്. 1.5 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. എല്ലാ കോണില്‍ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ചിത്രത്തിലേതെന്നും ദുല്‍ഖറിന് നാഷണല്‍ അവാര്‍ഡ് വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. ജേക്‌സ് ബിജോയുടെ മ്യൂസിക്കിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്. ടോം ക്രൂസ് നായകനായി എത്തിയ ഹോളിവുഡ് ചിത്രം മിഷൻ ഇമ്പോസിബിൾ ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. 1.3 മില്യൺ കാഴ്ചക്കാരെയാണ് സിനിമ സ്വന്തമാക്കിയത്.

ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. 1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.
Top 5 most-watched films on OTT in India, for the week of Dec 15-21, 2025, estimated based on audience research
— Ormax Media (@OrmaxMedia) December 22, 2025
Note: Estimated number of Indian audience (in Mn) who watched at least 30 minutes. pic.twitter.com/NhMH8Gytkx
നവാസുദ്ദീൻ സിദ്ദിഖി കേന്ദ്ര കഥാപാത്രമായി എത്തിയ രാത് അകേലി ഹേ 2 ആണ് അഞ്ചാമതുള്ള ചിത്രം. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. 2020ൽ ഹിറ്റായിരുന്ന രാത് അകേലിയുടെ രണ്ടാം ഭാഗമാണിത്. ചിത്രം ഹണി ട്രെഹാൻ സംവിധാനം ചെയ്തിരിക്കുന്നു. 1.2 മില്യൺ കാഴ്ചക്കാരെയാണ് സിനിമ നേടിയത്. കഴിഞ്ഞ വാരം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറെ ഇത്തവണ ലിസ്റ്റിൽ നിന്ന് പുറത്തായി.
Content Highlights: DQ overtakes Pranav Mohanlal in OTT viewership