'ലണ്ടനിൽ പോയി പണം സമാഹരിച്ചത് എന്തിന്; എന്തുകൊണ്ട് ഇന്ത്യൻ ബാങ്ക് വഴി കടമെടുത്തില്ല?'; രാജീവ് ചന്ദ്രശേഖർ

സാമ്പത്തിക തട്ടിപ്പ് പിടിച്ചാൽ അത് രാഷ്ട്രീയമാണെന്ന് പറയുന്നത് ഒരു രാഷ്ട്രീയ തന്ത്രമാണ് എന്നും രാജീവ് കുറ്റപ്പെടുത്തി

'ലണ്ടനിൽ പോയി പണം സമാഹരിച്ചത് എന്തിന്; എന്തുകൊണ്ട് ഇന്ത്യൻ ബാങ്ക് വഴി കടമെടുത്തില്ല?'; രാജീവ് ചന്ദ്രശേഖർ
dot image

തൃശൂർ: കിഫ്‌ബി മസാല ബോണ്ട് കേസിൽ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്തിനാണ് ലണ്ടനിൽ പോയി പണം സമാഹരിച്ചത് എന്നും എന്തുകൊണ്ട് ഇന്ത്യൻ ബാങ്ക് വഴി കടമെടുത്തില്ല എന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ആർബിഐയുടെ അനുമതി എടുക്കാതെയായിരുന്നു സർക്കാരിന്റെ നടപടി എന്നും ഇഡി നോട്ടീസ് ഇലക്ഷൻ തന്ത്രമാണെന്നത് വെറും ശ്രദ്ധ തിരിക്കാനുള്ള വാദമാണെന്നും രാജീവ് വിമർശിച്ചു. സാമ്പത്തിക തട്ടിപ്പ് പിടിച്ചാൽ അത് രാഷ്ട്രീയമാണെന്ന് പറയുന്നത് ഒരു രാഷ്ട്രീയ തന്ത്രമാണ് എന്നും രാജീവ് കുറ്റപ്പെടുത്തി.

കിഫ്ബി മസാല ബോണ്ട് കേസിൽ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്. ഇഡി അന്വേഷണത്തിൽ ഫെമ ചട്ട ലംഘനം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു.

ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ മുഖാന്തരമോ വിശദീകരണം നൽകാവുന്നതാണ്.

കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രിക്ക് കേസിൽ വ്യക്തമായ പങ്കുണ്ട് എന്നാണ് ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫണ്ട് ഉപയോഗിച്ച് 466 കോടിയുടെ ഭൂമി വാങ്ങിയത് ഫെമ ചട്ടലംഘനമാണ് എന്നാണ് ഇ ഡി കണ്ടെത്തല്‍.

അതേസമയം, വിഷയത്തിൽ ഇഡിയുടെ വാദം തള്ളി സംസ്ഥാന സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. മസാല ബോണ്ടിൽ ക്രമക്കേടില്ലെന്നതാണ് സർക്കാർ നിലപാട്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മസാല ബോണ്ടിന്റെ പണം തിരിച്ചു നൽകിയതായും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസിന് മുഖ്യമന്ത്രി ഉടൻ മറുപടി നൽകിയേക്കും എന്നാണ് സൂചന. മൂന്ന് വർഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് ഇഡി നോട്ടീസ് നൽകിയത്.

Content Highlights: rajeev chandrashekar against pinarayi vijayan on kiifb case

dot image
To advertise here,contact us
dot image