'മേജർ രവിയുടെ സിനിമയിൽ അഭിനയിക്കില്ലെന്ന് അന്ന് മമ്മൂട്ടി പറഞ്ഞു', തുറന്ന് പറഞ്ഞ് നിർമാതാവ് ശശി അയ്യൻചിറ

ആ സിനിമയുടെ സെറ്റിൽവെച്ച് മമ്മൂട്ടിയും മേജർ രവിയും പിണങ്ങി, സിനിമയിൽ അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു, പ്രശ്നം പരിഹരിച്ചതിനെക്കുറിച്ച് നിർമാതാവ് ശശി അയ്യൻചിറ പറയുന്നു

'മേജർ രവിയുടെ സിനിമയിൽ അഭിനയിക്കില്ലെന്ന് അന്ന് മമ്മൂട്ടി പറഞ്ഞു', തുറന്ന് പറഞ്ഞ് നിർമാതാവ് ശശി അയ്യൻചിറ
dot image

മമ്മൂട്ടിയെ നായകനാക്കി 2007 ൽ മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് മിഷൻ 90 ഡേയ്സ്. രാജീവ് ഗാന്ധി വധത്തെ തുടർന്ന് നടന്ന അന്വേഷണത്തെ കുറിച്ചായിരുന്നു സിനിമ. ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ആ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും മേജർ രവിയും തമ്മിലുണ്ടായ ഒരു തർക്കത്തെ കുറിച്ച് പറയുകയാണ് നിർമ്മാതാവായ ശശി അയ്യൻചിറ. അന്ന് സിനിമയിൽ മമ്മൂട്ടി അഭിനയിക്കില്ലെന്ന് പറഞ്ഞതും മേജർ രവി സിനിമ സംവിധാനം ചെയ്യില്ലെന്ന് പറഞ്ഞതും ശശി അയ്യൻചിറ ഓർത്തു. പിന്നീട് പ്രശ്നം എങ്ങനെ പരിഹരിച്ചുവെന്നും ശശി അയ്യൻചിറ കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'മലയാള സിനിമയിൽ ഞാൻ കണ്ടതിൽ ഏറ്റവും കൃത്യമായിട്ടുള്ള ആൾ മമ്മൂക്കയാണ്. സമയത്ത് വരും, പക്കയാണ്, എവിടെയെങ്കിലും പോകണമെങ്കിൽ പോലും പുള്ളി നമ്മളോട് പറയും. മമ്മൂക്ക ദേഷ്യപ്പെടുമ്പോൾ തിരിച്ച് അതുപോലെ ഞാനും സംസാരിക്കാറുണ്ട് തമാശ രീതിയിൽ. മിഷൻ 90 ഡേയ്സ് എന്ന മേജർ രവി സംവിധാനം ചെയ്യുന്ന സിനിമ, അതിൽ മേജർ രവി സംസാരിക്കുമ്പോൾ മമ്മൂക്കയ്ക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായി. അവർ തമ്മിൽ ഭയങ്കര ഉടക്കായി.

അന്ന് മമ്മൂക്ക ഞാൻ നിങ്ങളുടെ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് മേജർ രവിയോട് പറഞ്ഞു. ലൊക്കേഷൻ നിറയെ ആളുകൾ കാണാൻ നിൽക്കുകയാണ്. സീരിയസ് ആയിട്ടാണ് മമ്മൂക്ക സംസാരിക്കുന്നത്. ഞാൻ ഈ സിനിമ സംവിധാനം ചെയ്യുന്നില്ലെന്ന് മേജർ രവിയും തിരിച്ച് പറഞ്ഞു. ഞാൻ അറിഞ്ഞപ്പോൾ ചെന്ന് മമ്മൂക്കയോട് കാര്യം തിരക്കി, എന്താണ് മമ്മൂക്ക വിഷയം എന്ന്. 'എടോ ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന്' മമ്മൂക്ക എന്നോട് പറഞ്ഞു. മേജർ രവിയും ഇത് തന്നെ പറഞ്ഞു, വേണ്ട ചെയ്യേണ്ട എന്ന് ഞാൻ അവർക്ക് മറുപടി നൽകി. ഞാൻ എന്ത് ചെയ്യും എന്ന് മേജർ സാർ ചോദിച്ചപ്പോൾ അത് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു.

Mission 90 Days movie

പടം തീരാൻ ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്, ലോകത്തുള്ള എല്ലാ സ്ഥലവും ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. എന്തായാലും മമ്മൂട്ടിയോയും മേജർ രവിയോടും സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. മമ്മൂട്ടിയുടെ കൈപിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി, മേജർ രവിയോടും അകത്തേക്ക് വരാൻ പറഞ്ഞു, വാതിൽ ലോക്ക് ചെയ്തു. അഞ്ച് മിനിറ്റ് കൊണ്ട് ഞാൻ പ്രശ്നം പരിഹരിച്ചു. വാതിൽ തുറന്ന് മൂന്ന് പേരും വളരെ സന്തോഷത്തോടെ പുറത്തിറങ്ങി.

സ്നേഹത്തോടുള്ള ഒരു പ്രയോഗം മാത്രമായിരുന്നു ഉളളിൽ നടന്നത്. ചെറിയൊരു പിണക്കം മാത്രമായിരുന്നു അത്. കൂൾ ആയിട്ട് ആ പ്രശ്നം തീർന്നു, ഡോർ തുറക്കുമ്പോൾ ജനങ്ങൾ കാണുന്നത് ഞങ്ങൾ മൂന്നാളും ചിരിച്ചു വരുന്നതാണ്. ഒരുപക്ഷെ സിനിമ നിന്ന് പോയേക്കാവുന്ന തരത്തിൽ വലിയ വിഷയം ആയേക്കാവുന്ന ഒരു വിഷയം ആയിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല, അത് രമ്യമായി പരിഹരിക്കപ്പെട്ടു.' ശശി അയ്യൻചിറ പറഞ്ഞു.

Content Highlights: Producer talks about the fight between Major Ravi and Mammootty during the filming of Mission 90 Days

dot image
To advertise here,contact us
dot image