

ഇടുക്കി: ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സീനിയർ സിവിൽ പോലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയന്ന പരാതിയിൽ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്‌പെൻഷൻ. സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനാണ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെ സസ്‌പെൻഡ് ചെയ്തത്.
പൊലീസ് അസോസിയേഷൻ തയ്യാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയതിനാണ് തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരൻ പുഷ്പ ദാസിനെ നിഷാന്ത് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സന്നിധാനത്ത് ഡ്യൂട്ടി സ്ഥിരമല്ലെന്നും ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ കാണിച്ചുതരാം എന്നുമാണ് നിഷാന്ത് ചന്ദ്രൻ ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് ഭീഷണിപ്പെടുത്തലിന്റെ ഓഡിയോ സന്ദേശം പൊലീസ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതിൽ ജില്ലാ പൊലീസ് മേധാവി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൽ നിഷാന്ത് ചന്ദ്രനിൽനിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തി. പിന്നാലെയാണ് നടപടി. ചില പരാമർശങ്ങളുടെയും വിവാദങ്ങളുടെയും പേരിൽ നേരത്തെ തിരുവല്ലയിൽനിന്നും ചിറ്റാറിലേക്ക് നിഷാന്ത് ചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. തിരുവല്ല സ്റ്റേഷനിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനാണ് പുഷ്പദാസ്. നിലവിൽ പുഷ്പദാസ് ശബരിമല ഡ്യൂട്ടിയിലാണ്. ഇരുവരും തമ്മിൽ പൊലീസ് അസോസിയേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻപും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
Content Highlights: sabarimala duty; Suspension for police officer on complaint of intimidation