

സ്ത്രീകൾ നേരിടുന്ന ഓൺലൈൻ പീഡനത്തിന്റെ വർദ്ധിച്ചുവരുന്ന പ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഹുമ ഖുറേഷി. തെരുവിൽ വെച്ച് ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത്തിനും സോഷ്യൽ മീഡിയയിൽ അധിക്ഷേപ്പിക്കുന്നതിനും ഒരേ ശിക്ഷയായിരിക്കണം എന്നവർ വാദിച്ചു. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുകൾ ഇടുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും നടി ഓർമിപ്പിച്ചു. ദി മെയിൽ ഫെമിനിസ്റ്റിന് നൽകിയ പോഡ്‌കാസ്റ്റിലാണ് നടിയുടെ പ്രതികരണം.
'എൻ്റെ അഭിപ്രായത്തിൽ, ഒരു സ്ത്രീയെ തെരുവിൽ വെച്ച് ഉപദ്രവിക്കുന്നതിനും ഓൺലൈനിൽ ഉപദ്രവിക്കുന്നതിനും ഒരേ ശിക്ഷയായിരിക്കണം നൽകേണ്ടത്. അതിൽ ഒരു വ്യത്യാസവുമില്ല. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അശ്ലീല ചിത്രങ്ങൾ അയക്കുകയോ, പോസ്റ്റുകളിൽ മോശം കമന്റുകൾ എഴുതുകയോ ചെയ്യുകയാണെങ്കിൽ, ഒരു പൊതുസ്ഥലത്ത് മോശമായി പെരുമാറുന്ന ഒരാൾക്ക് ലഭിക്കുന്ന അതേ പ്രത്യാഘാതങ്ങൾ തന്നെ നിങ്ങൾക്കും നേരിടേണ്ടിവരും,' ഹുമ ഖുറേഷി പറഞ്ഞു.

ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. ഇത് വെറുപ്പുളവാക്കുന്നതും ദുഃഖകരവുമാണ്. ഓൺലൈനിൽ നടക്കുന്ന ഇത്തരം കാര്യങ്ങളെ ലളിതമായി കാണാൻ കഴിയില്ല. ട്രോൾ ചെയ്യുന്നതിനെയും മോശമായി വിഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതും സന്ദേശനങ്ങൾ അയക്കുന്നതും അധിക്ഷേപിച്ച് കമന്റുകൾ ഇടുന്നതും പലരും ഇപ്പോഴും നിസ്സാരമായോ നിരുപദ്രവകരമായോ ആണ് കാണുന്നത്.

എന്നാൽ അതുണ്ടാക്കുന്ന വൈകാരിക ആഘാതവും അന്തസ്സിനേൽക്കുന്ന മുറിവും ഒന്നുതന്നെയാണ്. വസ്ത്രം, ജോലി, ശരീരം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയിലുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് സമൂഹം നിർത്തണമെന്നും ഖുറേഷി കൂട്ടിച്ചേർത്തു.
ഡൽഹി ക്രൈം 3' വെബ്സീരീസിലാണ് ഹുമ ഖുറേഷി ഒടുവിൽ വേഷമിട്ടത്. മികച്ച പ്രതികരണമാണ് ഈ സീരീസ് നേടുന്നത്. രാജേഷ് തൈലാങ്, ഷെഫാലി ഷാ, രസിക ദുഗൽ എന്നിവരും അഭിനയിക്കുന്ന സീരീസിന്റെ പുതിയ സീസൺ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. നചികേത് സാമന്ത് സംവിധാനം ചെയ്ത സിംഗിൾ സൽമ എന്ന ചിത്രമാണ് നടിയുടേതായി ഒടുവിൽ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം.
Content Highlights: Huma Qureshi Raises Voice Against Online Harassment