കാസർകോടിന്റെ സ്‌നേഹം എന്നും ഞാനോർക്കും; കൂടുതൽ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയിൽ വീണ്ടും കാണാം: ഹനാൻ ഷാ

സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഹനാന്‍ ഷാ

കാസർകോടിന്റെ സ്‌നേഹം എന്നും ഞാനോർക്കും; കൂടുതൽ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയിൽ വീണ്ടും കാണാം: ഹനാൻ ഷാ
dot image

കാഞ്ഞങ്ങാട്: സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഹനാന്‍ ഷാ. ഒരുപാട് പ്രതീക്ഷകളോടെയാണ് കാസര്‍കോട് എത്തിയതെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ഹനാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉച്ച മുതലേ ആളുകള്‍ പരിപാടിക്ക് എത്തിയിരുന്നു.

എന്നാല്‍ ഉള്ളില്‍ ഉള്ളവരെക്കാള്‍ രണ്ടിരട്ടി ആളുകള്‍ പുറത്ത് ടിക്കറ്റില്ലാതെ നില്‍ക്കുകയായിരിന്നു. അതിനാല്‍ തന്നെ വേണ്ടുവോളം ആള്‍ക്കാരെ ഉള്‍കൊള്ളിക്കാന്‍ സ്ഥലമില്ലാത്തതിനാലും പരിപാടി തുടര്‍ന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോവും എന്നതിനാലും പൊലീസുമായി സഹകരിച്ച് വളരെ കുറച്ചു പാട്ടുകള്‍ പാടി മടങ്ങേണ്ടി വന്നു. കാസര്‍കോടിന്റെ സ്‌നേഹം എന്നും താന്‍ ഓര്‍ത്തിരിക്കുന്നതായിരിക്കുമെന്നും കൂടുതല്‍ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയില്‍ വീണ്ടും കാണാം എന്ന പ്രതീക്ഷയുണ്ടെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കാസർകോട് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 10 പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആൾക്കാർ തിങ്ങി നിറയുകയായിരുന്നു.

ജനത്തെ നിയന്ത്രിക്കാൻ പാടുപെട്ടതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. സംഘാടകർ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കിനുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു. നഗരത്തിൽ ഗതാഗതവും സ്തംഭിച്ചു.

സംഭവത്തിൽ സംഘാടകരായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Content Highlights: hanan sha about the huge crowd in kasaragod

dot image
To advertise here,contact us
dot image