

പാലക്കാട്: നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചെന്ന് പരാതി. 50ാം വാർഡിലെ സ്ഥാനാർത്ഥി കെ രമേശിന്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ ബിജെപി ശ്രമിച്ചെന്നും സ്ഥാനാർത്ഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.
നിലവിലെ സ്ഥാനാർത്ഥിയും കൗൺസിലറും ഉൾപ്പടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു. വി കെ ശ്രീകണ്ഠൻ രമേശിന്റെ വീട്ടിലെത്തി സംസാരിച്ചു. പരാതിയിൽ പാലക്കാട് നോർത്ത് പൊലീസ് രമേശിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി.
50ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പതിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. അതോടെ നിലവിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് വാർഡിൽ മത്സരം നടക്കുന്നത്.
അതേസമയം ആരോപണങ്ങളെ നിഷേധിച്ച് ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രമേശിനെ ആശംസ അറിയിക്കാനാണ് വിളിച്ചത്. രമേശിനെയോ ബന്ധുകളെയോ സ്വധീക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ജയലക്ഷ്മി പറഞ്ഞു. വോട്ട് ചോദിക്കാനാണ് രമേശിന്റെ വീട്ടിൽ എത്തിയത്. രമേശ് സ്ഥാനാർത്ഥിയാണെന്ന് അറിഞ്ഞത് അദ്ദേഹത്തിന്‍റെ ബന്ധുക്കൾ ഇന്നലെ പറഞ്ഞപ്പോഴാണ്. ഫോണിൽ വിളിച്ച് രമേശിന് ആശംസ അറിയിച്ചു. മറ്റ് ബിജെപി നേതാക്കൾ രമേശിന്റെ വീട്ടിലെത്തിയെന്നതിനെ കുറിച്ച് അറിയില്ലെന്നും ജയലക്ഷ്മി പറഞ്ഞു. എന്നാൽ ഇന്നലെ രാത്രി ജയലക്ഷ്മിയും ബിജെപി സ്ഥാനാർത്ഥി സുനിലും എത്തി സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടു എന്നാണ് രമേശിന്റെ പരാതി.
Content Highlights: Complaint alleges BJP tried to influence Congress candidate