

മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. സിബി മലയിൽ ഒരുക്കിയ ചിത്രം മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ്. സുരേഷ് ഗോപി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പുറത്തിറങ്ങി 27 വർഷത്തിനിപ്പുറം വീണ്ടും റീ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിൽ കാമിയോ റോളിൽ മോഹൻലാൽ എത്തിയിരുന്നു. വലിയ കയ്യടിയായിരുന്നു മോഹൻലാലിന്റെ ഈ വേഷത്തിന് അന്ന് ലഭിച്ചിരുന്നത്.
ജയിൽ സീനല്ലാതെ മറ്റൊരു സീൻ കൂടെ മോഹൻലാലിന് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സിബി മലയിൽ. ഇത് സിനിമയിൽ നിന്ന് ഡിലീറ്റ് ചെയ്യാനുണ്ടായ കാരണവും സിബി മലയിൽ വ്യക്തമാക്കി. റീ റിലീസ് പതിപ്പിൽ ആ രംഗം ഉൾപ്പെടുത്താൻ ശ്രമിച്ചതിനെക്കുറിച്ചും സിബി മലയിൽ വിശദീകരിച്ചു.

'ലാലിലേക്ക് ആ വേഷം എത്തി എന്നത് തിയേറ്ററിൽ എത്തുന്നത് വരെ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. അത് സർപ്രൈസ് ആയി ഇരിയ്ക്കട്ടെ എന്ന് വെച്ചു. അത് തിയേറ്ററിൽ വലുതായി സ്വീകരിക്കപ്പെട്ടു. അതിൽ വേറെ ഒരു രഹസ്യം രണ്ട് സീനുകൾ ഡിലീറ്റ് ചെയ്തിരുന്നു. മഞ്ജുവിനെ താലി കെട്ടിയ ശേഷം കൺവിൻസ് ചെയ്യുന്ന ഒരു സീൻ ഉണ്ടായിരുന്നു. ലോജിക്കൽ ആയി ചിന്തിക്കുമ്പോൾ അയാളെ ഇത്രയും സ്നേഹിച്ച ഒരാൾ പെട്ടന്ന് മനസ് മാറി മറ്റൊരാളെ കല്യാണം കഴിക്കുന്നത് എങ്ങനെ സീകരിക്കപ്പെടുമെന്ന് സംശയം ഉണ്ടായിരുന്നു. അതിനെക്കുറിച്ച് പത്ത് മിനിറ്റ് നീളമുള്ള ഒരു സീൻ ഉണ്ടായിരുന്നു മഞ്ജുവിനെ വീട്ടുക്കാർ കൺവിൻസ് ചെയ്യുന്നത്. അതിനിടയിൽ മോഹൻലാൽ വീണ്ടും വരുന്ന ഒരു സീൻ ഉണ്ടായിരുന്നു.

പക്ഷെ തിയേറ്ററിൽ എത്തി സിയാദ് ആദ്യ ദിനം സിനിമ കണ്ട് കഴിഞ്ഞു എന്നെ വിളിച്ചിട്ട് പറഞ്ഞു ആ സീനിന്റെ ആവശ്യം ഇല്ലെന്ന്. ആളുകൾ അസ്വസ്ഥർ ആകുന്നുണ്ടെന്ന്. കാരണം ലാലു മരിച്ചെന്ന് ആളുകൾ അറിയുമ്പോൾ തിയേയറ്ററിൽ ഇരിക്കാൻ തയ്യാറാകില്ലെന്ന്. ഇതിനിടയിൽ അത്രയും വലിയ സീൻ നിൽക്കില്ലെന്ന്. നിങ്ങളുടെ തിയേറ്ററിൽ മാത്രം അതൊന്ന് കട്ട് ചെയ്ത നോക്കിയിട്ട് പ്രശ്നം ഉണ്ടെങ്കിൽ പറയാൻ പറഞ്ഞു.കാരണം, ലാലു താലികെട്ടി ബോധം പോയതിന് ശേഷം പിന്നെ കാണിക്കുന്നത് മഞ്ജു റെയിൽവേ സ്റ്റേഷനിൽ ചിരിച്ചു നിൽക്കുന്നതാണ്. അതിൽ ജമ്പ് കട്ട് ഫീൽ ചെയ്യുമെന്ന് കരുതിയിരുന്നു. പക്ഷെ അതിന് ഒരു കുഴപ്പവും ഇല്ലെന്ന് സിയാദ് പറഞ്ഞു. പുതിയ പതിപ്പിൽ കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു. പക്ഷെ നല്ല നെഗറ്റീവ് കിട്ടിയില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയി ഈ സിനിമയിലേക്ക് വന്നേനെ,' സിബി മലയിൽ പറഞ്ഞു.

ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകൾ റീമാസ്റ്റർ ചെയ്ത ഹൈസ്റ്റുഡിയോസ് ആണ് സമ്മർ ഇൻ ബത്‌ലഹേമും റീമാസ്റ്റർ ചെയ്തു പുറത്തിറക്കുന്നത്. സിയാദ് കോക്കർ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നവയാണ്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
Content Highlights: Sibi Malayil about the deleted scene in the movie Summer in Bethlehem