'ആ ഷോട്ട് കണ്ട് 40,000-ത്തോളം വരുന്ന ജനക്കൂട്ടം അഞ്ച് മിനിറ്റ് നിർത്താതെ കൈയടിച്ചു'; നന്ദമുരി ബാലകൃഷ്ണ

തനിക്ക് ഇത്രയും ആരാധകരെ നേടാൻ കഴിഞ്ഞത് മുജ്ജന്മ ബന്ധം കൊണ്ടാണെന്ന് എന്ന് ബാലയ്യ പറയുന്നു

'ആ ഷോട്ട് കണ്ട് 40,000-ത്തോളം വരുന്ന ജനക്കൂട്ടം അഞ്ച് മിനിറ്റ് നിർത്താതെ കൈയടിച്ചു'; നന്ദമുരി ബാലകൃഷ്ണ
dot image

നന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടാല്‍ ചിലപ്പോൾ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. ഇദ്ദേഹത്തിന്റെ പ്രവൃത്തികളും സംസാരവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ അഖണ്ഡ 2 വിന്റെ ഓഡിയോ റിലീസിൽ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേ നേടുന്നത്. തനിക്ക് ഇത്രയും ആരാധകരെ നേടാൻ കഴിഞ്ഞത് മുജ്ജന്മ ബന്ധം കൊണ്ടാണെന്ന് എന്ന് ബാലയ്യ പറഞ്ഞു. ‘ലെജൻഡ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവവും ബാലയ്യ പങ്കുവെച്ചു.

വിശാഖപട്ടണത്തെ ഒരു ബീച്ചിൽ വെച്ചായിരുന്നു ‘ലെജൻഡ്’ സിനിമയിലെ ഒരു സീൻ ചിത്രീകരിച്ചിരുന്നത്. കുതിര പുറത്തുള്ള സീൻ ആയിരുന്നു അത്. ഷോട്ടിന് ഒറിജിനാലിറ്റി കിട്ടാൻ കുതിര കോഫി ഷോപ്പിന്റെ ഗ്ലാസ് തകർത്ത് പുറത്തേക്ക് വരുന്ന രീതിയിൽ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഷോട്ട് കഴിഞ്ഞ ശേഷം 40,000-ത്തോളം വരുന്ന ജനക്കൂട്ടം അഞ്ച് മിനിറ്റ് നിർത്താതെ കൈയടിച്ചുവെന്നും നടൻ പറഞ്ഞു.

Legend movie

‘വിശാഖപട്ടണത്തെ ആർ കെ ബീച്ചിൽ ഒരു സീൻ ഷൂട്ട് ചെയ്യാൻ ചെന്നൈയിൽ നിന്ന് ഒരു കറുത്ത കുതിരയെ കൊണ്ടുവന്നു. രക്ഷപ്പെട്ട് ഓടുന്ന വില്ലനെ ഞാൻ കുതിരപ്പുറത്ത് പിന്തുടരുന്നതാണ് രംഗം. അവിടെയൊരു കോഫി ഷോപ്പുമുണ്ട്. ആ ഷോട്ടിന് ഒറിജിനാലിറ്റി വേണമെന്ന് ഞാൻ പറഞ്ഞു. കുതിര കോഫി ഷോപ്പിന്റെ ഗ്ലാസ് തകർത്ത് പുറത്തേക്ക് വരുന്ന രീതിയിൽ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു. അത് ഷുഗർ ഗ്ലാസ് ആണോ എന്ന് ഞാൻ ചോദിച്ചു, അല്ല, യഥാർത്ഥ ഗ്ലാസ് ആണെന്ന് അവർ പറഞ്ഞു. അത് മാറ്റി ഷുഗർ ഗ്ലാസ് വയ്ക്കാൻ ഞാൻ ആവശ്യപ്പെട്ടു. ആ ഷോട്ട് അപകടം പിടിച്ചതായിരുന്നു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കുതിര കുതിച്ചു, ഗ്ലാസ് തകർത്തു. അവിടെയുണ്ടായിരുന്ന 40,000-ത്തോളം വരുന്ന ജനക്കൂട്ടം അഞ്ച് മിനിറ്റ് നിർത്താതെ കൈയടിച്ചു,’ ബാലകൃഷ്ണ പറഞ്ഞു.

Akhanda 2 movie

അഖണ്ഡ 2 വിൽ ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. സംയുക്ത മേനോൻ ആണ് അഖണ്ഡ 2 വിൽ നായിക. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.

ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.

Content Highlights: Nandamuri Balakrishna shares his experience in the movie Legend

dot image
To advertise here,contact us
dot image