

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്‌റ്റ് ക്രിക്കറ്റിന് നാളെ പെർത്തിൽ തുടക്കമാവുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റേതെങ്കിലുമൊരു പരമ്പരക്ക് അവകാശപ്പെടാനില്ലാത്ത ചരിത്രവും വീറും വാശിയുമുള്ള പരമ്പരയാണ് ആഷസ്.
അതേ സമയം ആഷസില്‍ നിരവധി ക്ലാസിക്ക് പോരാട്ടങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 1900 -950 കാലത്ത് കുപ്രസിദ്ധമായ ബോഡി ലൈന്‍ ബൗളിങ് ആദ്യമായി പരീക്ഷിക്കപ്പെട്ടത് ആഷസിലായിരുന്നു.

ഓസീസിന്റെ ഇതിഹാസ ബാറ്റര്‍ ഡോണ്‍ ബ്രാഡ്മാനെ ലക്ഷ്യമിട്ടായിരുന്നു ഈ ഇംഗ്ലണ്ട് പദ്ധതി. ഫാസ്റ്റ് ലെഗ് തിയറി എന്നറിയപ്പെട്ട ഈ തന്ത്രത്തിന്റെ ബലത്തില്‍ ഓസീസ് ബാറ്റർമാരെ ഭയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര തിരിച്ചു പിടിച്ചു. പില്‍ക്കാലത്ത് ശരീരം ലക്ഷ്യം വച്ചുള്ള ബൗളിങ് അടക്കമുള്ള തന്ത്രങ്ങള്‍ നിയന്ത്രിക്കാനായി നിയമങ്ങള്‍ പരിഷ്‌കരിച്ചതും ഈ പരമ്പര പാഠമാക്കിയാണ്.
1993ല്‍ ഓള്‍ഡ് ട്രഫോര്‍ഡിൽ പിറന്ന ഇതിഹാസ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ നൂറ്റാണ്ടിന്റെ പന്താണ് മറ്റൊന്ന്. മൈക്ക് ഗാറ്റിങിനെതിരെ വോണ്‍ എറിഞ്ഞ പന്ത് പോലൊന്ന് അതിന് മുമ്പും ശേഷവും ക്രിക്കറ്റിൽ പിറന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ പോലും ഗാറ്റിങിനു സാധിച്ചില്ലെന്നു അദ്ദേഹത്തിന്റെ ക്രീസിലെ അന്തംവിട്ടുള്ള നില്‍പ്പില്‍ തന്നെ വ്യക്തമായിരുന്നു.
2019ല്‍ നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നേടിയ സെഞ്ച്വറിയും ആഷസ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ്. ഒന്നാം ഇന്നിങ്‌സില്‍ വെറും 67 റണ്‍സിനു ഓള്‍ ഔട്ടായ ഇംഗ്ലണ്ടിനു മുന്നില്‍ ഓസ്‌ട്രേലിയ 359 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യംവെക്കുന്നു.

മറുപടി ബാറ്റിങ്ങിൽ 245 റണ്‍സില്‍ അഞ്ചാം വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് വലിയ പ്രതീക്ഷയില്‍ തന്നെയായിരുന്നു. 5നു 245 എന്ന നിലയില്‍ നിന്നു 9നു 286 എന്ന റണ്‍സിലേക്ക് അവര്‍ അതിവേഗം വീണു. ജാക്ക് ലീഷിനെ ഒരറ്റത്തു നിര്‍ത്തി സ്‌റ്റോക്‌സ് പിന്നീട് നടത്തിയ ബാറ്റിങാണ് ചരിത്രമായത്. സ്റ്റോക്‌സ് 219 പന്തുകള്‍ നേരിട്ട് 8 സിക്‌സും 11 ഫോറും സഹിതം 135 റണ്‍സുമായി പുറത്താകാതെ നിന്നു ഇംഗ്ലണ്ടിനു ഒറ്റ വിക്കറ്റ് ജയം സമ്മാനിക്കുകയായിരുന്നു.

2023ലെ ആഷസിലാണ് ജോണി ബെയര്‍സ്‌റ്റോയുടെ വിവാദ റണ്ണൗട്ട് ഉണ്ടാകുന്നത്. പന്ത് പ്രതിരോധിച്ച ശേഷം ക്രീസ് വിട്ട് എതിര്‍ ക്രീസിലുണ്ടായിരുന്ന ബെന്‍ സ്‌റ്റോക്‌സുമായി സംസാരിക്കാന്‍ ക്രീസില്‍ നിന്നു ഇറങ്ങി നടന്ന ബെയര്‍സ്റ്റോയെ ഓസീസ് താരങ്ങള്‍ റണ്ണൗട്ടാക്കുന്നു. അംപയര്‍ ഔട്ട് വിളിച്ചതോടെയാണ് വലിയ വിവാദങ്ങളിലേക്ക് സംഭവം മാറിയത്.
ഇത് കൂടാതെ 2019 ൽ സ്റ്റീവൻ സ്മിത്തിന്റെ മിന്നും പ്രകടനവും ചരിത്രമാണ്. ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 774 റൺസാണ് അന്ന് ആ പരമ്പരയിൽ സ്മിത്ത് അടിച്ചെടുത്തത്. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം താരം തിരിച്ചുവന്ന പരമ്പര കൂടിയായിരുന്നു അത്. ആ പരമ്പരയിൽ ജോഫ്രെ ആർച്ചറുടെ പന്ത് കൊണ്ട് പരിക്കേറ്റ് മൂന്ന് ഇന്നിങ്‌സ് നഷ്ടമായിരുന്നില്ലെങ്കിൽ 1930 ൽ ഡോൺ ബ്രാഡ്മാൻ കുറിച്ച 974 റൺസിന്റെ ഒരു ടെസ്റ്റ് സീരീസിലെ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡും അദ്ദേഹം തകർത്തിരുന്നു.
Content Highlights: classic moments of Australia vs England 'The Ashes' test series.