

മലയാള സിനിമയ്ക്ക് തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുകയാണ് മോഹന്‍ലാല്‍. ഈ വർഷം മോഹൻലാലിൻറെ പുത്തൻ റിലീസുകളും റീ റിലീസുകളും മികച്ച പ്രകടനമാണ് തിയേറ്ററിൽ കാഴ്ചവെച്ചത്. മോഹൻലാൽ സിനിമകളിലെ ബ്രില്യൻസുകൾ കണ്ടു പിടിക്കുന്നതിൽ പ്രേത്യകം ഹരം കണ്ടെത്തുന്ന ആരാധകരാണ് അദ്ദേഹത്തിനുള്ളത്. അത്തരത്തിൽ കണ്ടുപിടിക്കുന്ന ബ്രില്യൻസുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഒരു വർഷം ഇറങ്ങിയ രണ്ട് മോഹൻലാൽ സിനിമകളിലെ സമാനതകൾ കണ്ടു പിടിച്ചിരിക്കുകയാണ് ആരാധകർ.
2001 ലാണ് മോഹൻലാലിൻറെ രണ്ട് ഹിറ്റ് ചിത്രങ്ങളായ കാക്കക്കുയിലും, രാവണപ്രഭുവും റീലീസ് ചെയ്തത്. ഈ സിനിമകളിൽ ഒരു സീനിൽ അദ്ദേഹം ധരിച്ചിരിക്കുന്ന വസ്ത്രം ഒന്നാണ്. ചുവപ്പ് ഷർട്ടും, കറുത്ത പാന്റും. കോസ്റ്റ്യൂം മാത്രമല്ല സിനിമകളിലെ ലുക്കും ഏകദേശം ഒന്ന് തന്നെയാണ്. 'ഗോവിന്ദൻ കുട്ടിയുമൊത്ത് തമാശ പറഞ്ഞു നിൽക്കുന്ന കാക്കക്കുയിലിലെ ശിവരാമനിൽ നിന്നും മംഗലശ്ശേരിയിലെ നീലകണ്ഠൻ മകൻ കാർത്തികേയനാവാൻ അയാൾക്ക് ആ മീശ ഒന്ന് പിരിച്ചു വെക്കേണ്ട സമയം മാത്രമേ വന്നുള്ളൂ' എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മോഹൻലാലിനെ പോലെ മോഹൻലാൽ മാത്രമെന്നും ആരാധകർ കമ്മന്റ് ചെയ്യുന്നുണ്ട്.


മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കാക്കക്കുയില്‍. കാക്കക്കുയിലിലെ മോഹന്‍ലാലിന്റെ പ്രകടനത്തോടൊപ്പം തന്നെ മുകേഷുമൊത്തുള്ള കോമഡി രംഗങ്ങളും ഡാന്‍സ് രംഗങ്ങള്‍ക്കും വലിയ കൈയ്യടി ലഭിച്ചിരുന്നു. 2001 ഏപ്രിലിൽ
പ്രദർശനത്തിനെത്തിയ കാക്കക്കുയിൽ നിർമ്മിച്ചത് കല്യാണി ഫിലിം സൊസൈറ്റിയുടെ ബാനറിൽ ലിസി പ്രിയദർശനാണ്. സിനിമ വമ്പൻ ഹിറ്റായിരുന്നു. ചിത്രം സ്വർഗ്ഗചിത്രയാണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ കഥ മുരളി നാഗവള്ളിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് പ്രിയദർശൻ തന്നെ ആണ്.

അതേസമയം, ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രമാണ് രാവണപ്രഭു. 2001 ൽ രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത രാവണപ്രഭുവിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. സിനിമയിലെ മാസ് ഡയലോഗുകൾ ഇന്നും ആരാധകർക്ക് കാണാപ്പാഠമാണ്. സിനിമ റീ റിലീസിന് എത്തിയപ്പോഴും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും നാല് കോടിയിൽ കൂടുതൽ കളക്ഷൻ രാവണപ്രഭു നേടിയിട്ടുണ്ട്. റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷനാണിത്.
Content Highlights: Social media finds similarities in Mohanlal's films