

പൃഥ്വിരാജിനെ നായകനാക്കി ത്രില്ലർ സിനിമകളുടെ തമ്പുരാൻ ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് മെമ്മറീസ്. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ജീത്തു ജോസഫിന് സിനിമയുടെ തുടച്ച ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും അതിനെക്കുറിച്ച് താനുമായി സംസാരിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. നടന്റെ ഏറ്റവും പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ പ്രമോഷനുമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ജീത്തുവിന് മെമ്മറീസിൻ്റെ രണ്ടാം ഭാഗം ഒരുക്കാൻ ആഗ്രഹം ഉണ്ട്. കുറച്ചു നാളായി എന്നോട് അതിനെക്കുയർച്ച് പറയുണ്ട്. ഇനി ഇപ്പോൾ ഇത് പറഞ്ഞതുകൊണ്ട് ചെയ്യാതിരിക്കുമോ? അങ്ങനെ ജീത്തുവിന് സാം അലക്സിന്റെ തുടർച്ച ചെയ്യാൻ ഒരു ഐഡിയ ഉണ്ട്. അതാത് സിനിമ ചെയ്ത എഴുത്തുക്കാർക്കും സംവിധായകർക്കുമാണ് സിനിമകളുടെ തുടർച്ച ചെയ്യാൻ തോന്നേണ്ടത്, അഭിനേതാവിന് തോന്നിയിട്ട് കാര്യമില്ലല്ലോ,' പൃഥ്വിരാജ് പറഞ്ഞു.
2013 ഓഗസ്റ്റ് 13ന് മലയാളി സിനിമാസ്വാദകരിലേക്ക് എത്തിയ ചിത്രമാണ് 'മെമ്മറീസ്'. 12 വർഷങ്ങൾക്കിപ്പുറവും സിനിമ കാണികളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ത്രില്ലർ ചിത്രം വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് ആ ചിത്രത്തിന്‍റെ വിജയം. സീരിയൽ കില്ലിങ്ങും അതിന്റെ അന്വേഷണവും എന്ന രീതിയിൽ വന്ന മെമ്മറീസ് മലയാളത്തിൽ അന്ന് പുതിയൊരു അനുഭവമായിരുന്നു.
Content Highlights: Prithviraj says jeethu had plans to make a second part of Memories