

നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ. യൂട്യൂബർ ഇന്നലെ പറഞ്ഞത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും സ്ത്രീകൾക്ക് ഒപ്പമാണ് അമ്മയെന്നും ശ്വേതാ മേനോൻ പറഞ്ഞു. കഴിഞ്ഞ ദിവസം യൂട്യൂബർ കാർത്തിക് ഗൗരിയോട് മാപ്പ് പറഞ്ഞിരുന്നു. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു എന്നും കാർത്തിക് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല സംസാരിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു.
നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗൗരിയെ പിന്തുണച്ച് സിനിമാ മേഖലയിൽ കൂടുതൽ പേർ രംഗത്തെത്തി. മാന്യമല്ലാത്ത ചോദ്യങ്ങൾ തമിഴ് സിനിമാലോകം എത്ര പിന്നിലെന്നത്തിന്റെ തെളിവാണ് ഇപ്പോല്‍ പുറത്ത് വന്നതെന്ന് സംവിധായകൻ പാ രഞ്ജിത്ത് പ്രതികരിച്ചു. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.
അതേസമയം, ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട് ആണെന്നും താൻ തെറ്റായ ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും ആയിരുന്നു കാർത്തിക്കിന്റെ ആദ്യ പ്രതികരണം. 32 വർഷത്തെ അനുഭവസമ്പത്തുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് താനെന്നും ജോളി ആയിരിക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു. മാർക്കറ്റ് വാല്യൂ ഉണ്ടാക്കാൻ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാൻ വേണ്ടിയുമാണ് അവർ ഈ വിഷയത്തെ വലുതാകുന്നത് എന്നും കാർത്തിക് പറഞ്ഞിരുന്നു.

തുടർന്ന് തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പോസ്റ്റുമായി ഗൗരി എത്തി. വിഷമകരമായ ഒരു സാഹചര്യത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അത് ഇതേപോലെയുള്ള സാഹചര്യം നേരിട്ട ഒരുപാടുപേര്‍ക്ക് വേണ്ടിയായിരുന്നു എന്നും ഗൗരി സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്നോട് ചോദിച്ച അതേ ചോദ്യം ഇതേ രൂക്ഷമായ ഭാഷയില്‍ ഒരു പുരുഷനോട് അവര്‍ ചോദിക്കുമായിരുന്നോയെന്ന് ചിന്തിച്ചുപോവുകയാണെന്നും ഗൗരി കൂട്ടിച്ചേർത്തു.
Content Highlights: Shwetha Menon about Gouri issue