
എന്തുകൊണ്ട് ഇപ്പോൾ ഹ്യൂമർ സിനിമകൾ ചെയ്യുന്നില്ല എന്ന ചോദ്യത്തിനോട് പ്രതികരിച്ച് നടൻ ഹരിശ്രീ അശോകൻ. ഒരുപാട് ഹ്യൂമർ സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ടെങ്കിലും തന്റെ റിഥത്തിന് അനുസരിച്ച് ഉള്ള അഭിനേതാക്കൾക്ക് ഒപ്പം മാത്രമേ തനിക്ക് അഭിനയിക്കാൻ സാധിക്കൂ എന്ന് പറയുകയാണ് ഹരിശ്രീ അശോകൻ. പഞ്ചാബ് ഹൗസ്, സിഐഡി മൂസ എന്നീ സിനിമകളുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ഹരിശ്രീ അശോകൻ മനസുതുറന്നു.
'ഹ്യൂമർ കഥകൾ എനിക്ക് ഒരുപാട് വരുന്നുണ്ട് പക്ഷെ അതിൽ പലതും ഇഷ്ടമാകുന്നില്ല. ചിലത് ഇഷ്ടമാകുന്നുണ്ടെങ്കിലും അതിൽ കോമ്പിനേഷൻ ചെയ്യുന്ന അഭിനേതാക്കളുമായി ഒരു റിഥം എനിക്ക് സെറ്റാകുന്നില്ല. എനിക്ക് ഒരു റിഥമുണ്ട് അതിന് അനുസരിച്ച് നിൽക്കുന്ന അഭിനേതാക്കൾക്ക് ഒപ്പം മാത്രമേ എനിക്ക് അഭിനയിക്കാൻ പറ്റൂ. പഞ്ചാബി ഹൗസിന്റെയും സിഐഡി മൂസയുടെയും രണ്ടാം ഭാഗം എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നവർ ഉണ്ട്. അതിനൊക്കെ അതിലെ പഴയ കാസ്റ്റ് തന്നെ വേണം. പുതിയ അഭിനേതാക്കളോ സംവിധായകരോ വന്നാൽ നമുക്ക് ചെയ്യാൻ കഴിയില്ല', ഹരിശ്രീ അശോകന്റെ വാക്കുകൾ.
തന്റെ ഏറ്റവും പുതിയ സിനിമയായ പാതിരാത്രിയുടെ പ്രസ് മീറ്റിൽ വെച്ചാണ് നടൻ ഇക്കാര്യങ്ങൾ മനസുതുറന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത സിനിമയാണ് പാതിരാത്രി. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ്, പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.
Content Highlights: Harisree ashokan about cid moosa 2 and punjabi house 2