
സിനിമയിൽ ലിംഗപരമായ വേതന വ്യത്യാസമുണ്ടെന്ന് എന്ന് നടി പ്രയാമണി. തന്റെ സിനിമയിലെ പുരുഷ സഹതാരത്തേക്കാൾ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ച സമയങ്ങളുണ്ടായിട്ടുണ്ടെന്നും സ്വന്തം വിപണിമൂല്യം എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രതിഫലം ചോദിക്കണമെന്നും പ്രിയാമണി പറഞ്ഞു. സിഎൻഎൻ ന്യൂസ്-18 ഷോയിലാണ് നടിയുടെ പ്രതികരണം.
'അത് ശരിയാണ്. പക്ഷേ അത് കുഴപ്പമില്ല. നിങ്ങളുടെ വിപണി മൂല്യം എന്താണോ, അത് നിങ്ങൾ ചോദിക്കണം, അതിനനുസരിച്ച് നിങ്ങൾക്ക് പ്രതിഫലം ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ പുരുഷ സഹതാരത്തേക്കാൾ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ച സമയങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും അത് എന്നെ അലട്ടുന്നില്ല. എൻ്റെ വിപണി മൂല്യവും എൻ്റെ വിലയും എനിക്കറിയാം. ഇതെൻ്റെ അഭിപ്രായവും അനുഭവവുമാണ്. ഞാൻ അർഹിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്ന പ്രതിഫലം ഞാൻ ആവശ്യപ്പെടും. അനാവശ്യമായ ഉയർന്ന നിരക്കിലുള്ള പ്രതിഫലം ഞാൻ ചോദിക്കില്ല,' പ്രിയാമണി പറഞ്ഞു.
ബോളിവുഡ് നടിമാരായ ദീപിക പദുകോൺ, ആലിയ ഭട്ട്, കങ്കണ റണൗട്ട്, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര, തുടങ്ങി നിരവധി താരങ്ങൾ ഒരു സിനിമയുടെ വിജയത്തിൽ നായികമാർ തുല്യമായി സംഭാവന നൽകുമ്പോഴും പുരുഷ സഹതാരങ്ങൾ കൂടുതൽ സമ്പാദിക്കുന്നതെന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്.
അതേസമയം, മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് പ്രിയാമണി ഒടുവിൽ വേഷമിട്ടത്. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമായിരുന്നു സിനിമ നേടിയിരുന്നത്. മനോജ് ബാജ്‌പേയിയോടൊപ്പമുള്ള 'ഫാമിലി മാൻ സീസൺ 3' എന്ന സിനിമയിലാണ് നടി അഭിനയിക്കാനിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Priyamani says there was a time when she was paid less than her male co-star