വിജയ്ക്ക് വേണ്ടി എഴുതിയ സിനിമ എനിക്ക് ചേരില്ലെന്ന് പറഞ്ഞു, ഒടുവിൽ അത് എന്റെ കരിയറിലെ വഴിത്തിരിവായി: വിശാൽ

'ആ സിനിമ എനിക്ക് പത്ത് സിനിമ ചെയ്യുന്നതിന് തുല്യമായിരുന്നു'

വിജയ്ക്ക് വേണ്ടി എഴുതിയ സിനിമ എനിക്ക് ചേരില്ലെന്ന് പറഞ്ഞു, ഒടുവിൽ അത് എന്റെ കരിയറിലെ വഴിത്തിരിവായി: വിശാൽ
dot image

വിശാലിനെ നായകനാക്കി ലിംഗുസാമി ഒരുക്കിയ ആക്ഷൻ ചിത്രമാണ് സണ്ടക്കോഴി. വിശാലിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമ ആയിരുന്നു അത്. ബോക്സ് ഓഫീസിലും സിനിമ വമ്പൻ വിജയമായിരുന്നു. ചിത്രം ആദ്യം വിജയ്ക്ക് വേണ്ടി ആയിരുന്നു എഴുതിയതെന്നും താൻ സംവിധായകൻ ലിംഗുസാമിയോട് ചോദിച്ചു വാങ്ങിയ കഥാപാത്രമായിരുന്നു അതെന്നും മനസുതുറക്കുകയാണ് വിശാൽ.

'സണ്ടക്കോഴി ആദ്യം വിജയ്‌യെ മനസ്സിൽ വെച്ചായിരുന്നു ലിംഗുസാമി എഴുതിയത്. ഈ വിവരം ചില നിർമാതാക്കൾ വഴി ഞാൻ അറിഞ്ഞു. നേരെ ഞാൻ വണ്ടിയെടുത്ത് ലിംഗുസാമിയുടെ ഓഫീസിലേക്ക് പോയി ഞാൻ ചെയ്യാം എന്ന് പറഞ്ഞു. മാസ് ഹീറോക്ക് വേണ്ടിയാണ് ഞാൻ എഴുതിയത് ഇത് നിനക്ക് എങ്ങനെ ചേരും എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അപ്പോൾ എന്റെ ആദ്യത്തെ സിനിമ ചെല്ലമെ ഉടൻ റിലീസാകും അത് കണ്ടിട്ട് തീരുമാനിക്കാൻ ഞാൻ പറഞ്ഞു. ആദ്യത്തെ സിനിമ കഴിഞ്ഞ് എന്തിനാണ് ഞാൻ എത്രയും ഗ്യാപ് എടുക്കുന്നതെന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചു. പക്ഷെ ആ സിനിമ എനിക്ക് പത്ത് സിനിമ ചെയ്യുന്നതിന് തുല്യമായിരുന്നു. ഒടുവിൽ സിനിമ പുറത്തിറങ്ങിയതിന് ശേഷം എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല', വിശാലിന്റെ വാക്കുകൾ.

ചിത്രത്തിലെ ലാലിന്റെ വില്ലൻ വേഷവും യുവൻ ഷങ്കർ രാജയുടെ മ്യൂസിക്കും ഏറെ ചർച്ചയായിരുന്നു. മീര ജാസ്മിൻ, രാജ്‌കിരൺ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വിശാലിനെ ആക്ഷൻ ഹീറോയാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ച സിനിമ ആണ് സണ്ടക്കോഴി. സിനിമയുടെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം ജീവ-നിരവ് ഷാ, ജി ശശികുമാർ എന്നിവർ കൈകാര്യം ചെയ്തു.

അതേസമയം, മദ ഗജ രാജയ്ക്ക് ശേഷം വിശാൽ നായകനായി എത്തുന്ന അടുത്ത സിനിമയാണ് മകുടം. ദുഷാര വിജയൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. വമ്പൻ ബജറ്റിൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. അഥർവയെ നായകനാക്കി ഒരുക്കിയ 'ഈട്ടി' എന്ന സിനിമയൊരുക്കിയ രവി അരശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധാനം നടൻ വിശാൽ തന്നെ ഏറ്റെടുത്തു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. സംവിധായകൻ രവി അരശുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റി പകരം സംവിധാനം വിശാൽ ഏറ്റെടുത്തത് എന്നാണ് വിവരം. നേരത്തെ സംവിധായകനും വിശാലും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ വിശാൽ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights: Actor Vishal about Sandakozhi movie

dot image
To advertise here,contact us
dot image