അന്ന് ആ പെൻഡ്രൈവ് ഞാൻ സ്കൂളിൽ കൊണ്ടുപോയി, തിരിച്ചുവന്നപ്പോൾ അച്ഛൻ ഒരൊറ്റ അടി തന്നു; ധ്രുവ് വിക്രം

'എന്റെ അച്ഛൻ ഇതുവരെ എന്നെ ജീവിതത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് അടിച്ചിട്ടുള്ളത്'

അന്ന് ആ പെൻഡ്രൈവ് ഞാൻ സ്കൂളിൽ കൊണ്ടുപോയി, തിരിച്ചുവന്നപ്പോൾ അച്ഛൻ ഒരൊറ്റ അടി തന്നു; ധ്രുവ് വിക്രം
dot image

അച്ഛൻ വിക്രമിന്റെ കയ്യിൽ നിന്ന് അടികിട്ടിയ രസകരമായ സംഭവം വിവരിച്ച് ധ്രുവ് വിക്രം. ഐ എന്ന സിനിമയിലെ 'മേഴ്സലായിട്ടേൻ' എന്ന ഗാനം പുറത്തിറങ്ങും മുൻപ് താൻ പെൻഡ്രൈവിലാക്കി അത് സ്കൂളിൽ കൊണ്ടുപോയിട്ടുണ്ടെന്നും ഇതറിഞ്ഞ അച്ഛൻ തന്നെ അടിച്ചെന്നും പറയുകയാണ് ധ്രുവ്. നടന്റെ ഏറ്റവും പുതിയ സിനിമയായ ബൈസണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന ഒരു പരിപാടിയിൽ വെച്ചാണ് ധ്രുവ് ഇക്കാര്യം പറഞ്ഞത്.

'എന്റെ അച്ഛൻ ഇതുവരെ എന്നെ ജീവിതത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് അടിച്ചിട്ടുള്ളത്. ഐയിലെ മേഴ്സലായിട്ടേൻ എന്ന ഗാനം ഷൂട്ടിങിന് മുൻപ് അവർ ഒരു പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു. ഷൂട്ടിന് മുൻപ് അത് പുറത്ത് പോകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ആ പെൻഡ്രൈവ് എന്റെ കയ്യിൽ കിട്ടി. സ്കൂളിൽ എല്ലാവർക്കും കാണിക്കണമെന്ന് വിചാരിച്ച് ഞാൻ പെൻഡ്രൈവും എടുത്തുകൊണ്ട് പോയി. ക്ലാസിലെ എല്ലാവർക്കും ഞാൻ പാട്ട് കാണിച്ചുകൊടുത്തു. ആ സമയത്ത് അച്ഛൻ സിനിമയ്ക്ക് വേണ്ടി ബോഡി ബിൽഡർ ഗെറ്റപ്പിലായിരുന്നു ഉണ്ടായിരുന്നത്. എനിക്ക് മുതുകിൽ ഒരൊറ്റ അടി അദ്ദേഹം തന്നു. അതിന്റെ പാട് രണ്ടാഴ്ചയോളം ഉണ്ടായിരുന്നു', ധ്രുവ് വിക്രമിന്റെ വാക്കുകൾ.

വിക്രമിനെ നായകനാക്കി ഷങ്കർ ഒരുക്കിയ സിനിമയാണ് ഐ. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. ചിത്രത്തിനായി എ ആർ റഹ്‌മാൻ ഒരുക്കിയ ഗാനങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. അതേസമയം, ധ്രുവ് വിക്രം സിനിമയായ ബൈസൺ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം മാരി സെൽവരാജ് രീതികൾ സിനിമ പിന്തുടരുന്നുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.

Content Highlights: Dhruv vikram about his father chiyaan vikram

dot image
To advertise here,contact us
dot image