
മാഡ്ഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അടുത്ത ചിത്രമാണ് ഥാമ. കല്യാണി പ്രിയദർശൻ നായികയായ ‘ലോക’യും രശ്മിക മന്ദാന നായികയാകുന്ന ഥാമയും തമ്മിൽ സാമ്യമുണ്ടോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കാരണം ഇരു സിനിമകളും സംസാരിക്കുന്നത് വാമ്പയറുകളേക്കുറിച്ചാണ് എന്നതാണ് പ്രധാന കാരണം. ഇപ്പോഴിതാ ഇതിന് മറുപടി നൽക്കുകയാണ് സിനിമയിലെ നായകനായ ആയുഷ്മാൻ ഖുറാന. ലോകയുമായി ഥാമയ്ക്ക് ബന്ധമില്ലെന്ന് നടൻ പറഞ്ഞു. തികച്ചും വ്യത്യസ്തമായ കഥയാണ് സിനിമയുടേതെന്നും ആയുഷ്മാൻ ഖുറാന കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയായിരുന്നു പ്രതികരണം.
'അഹമ്മദാബാദിൽ ഷൂട്ട് നടക്കുന്നതിനിടയിലാണ് ലോക എന്ന പടത്തെക്കുറിച്ച് ഞാൻ അറിഞ്ഞത്. ബ്രേക്ക് കിട്ടിയപ്പോൾ പോയിക്കണ്ടു. ഗംഭീരമായി അവർ ആ സിനിമ ചെയ്തിട്ടുണ്ട്. അവരുടെ നാട്ടിൽ പറഞ്ഞുകേട്ടിട്ടുള്ള കഥയെ വളരെ മനോഹരമായി സിനിമയാക്കി. പക്ഷേ, ഈ സിനിമയും ലോകയും തമ്മിൽ ഒരു തരത്തിലും സാമ്യമില്ല.
ഹൊററിനും കോമഡിക്കും പ്രാധാന്യം നൽകിയാണ് ഥാമ ഒരുങ്ങിയത്. എന്നാൽ ലോക അതിലും കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. ഈ സിനിമ പ്രധാനമായും ഹിന്ദി മാർക്കറ്റിനെയാണ് ലക്ഷ്യം വെക്കുന്നത്. ലോക പാൻ ഇന്ത്യൻ അപ്പീലുള്ള സിനിമയാണ്. എവിടെയുള്ള ആളുകൾക്കും അതിവേഗം ലോക സിനിമ കണക്ടാകും.
#Thaama team talks about #Lokah’s success and the key differences between the two films❗ pic.twitter.com/OgaANWnKTa
— Mohammed Ihsan (@ihsan21792) October 15, 2025
എന്നാൽ ഥാമ അങ്ങനെയല്ല, ഞങ്ങളുടേതായ കഥകളും വിശ്വാസങ്ങളും ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ട്രെയ്‌ലർ കണ്ടിട്ട് രശ്മികയുടെ കഥാപാത്രം ലോകയിലേത് പോലെ വാമ്പയറാണെന്ന് പലരും പറയുന്നുണ്ട്. എന്നാൽ അതൊന്നുമല്ല ഈ സിനിമയുടെ കഥ. രണ്ട് സിനിമകളും തമ്മിൽ താരതമ്യം ചെയ്യേണ്ട ആവശ്യമൊന്നുമില്ല,' ആയുഷ്മാൻ ഖുറാന പറയുന്നു.
മാഡ്ഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ഥാമ. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. ആദിത്യ സർപോദാർ ആണ് ഥാമ സംവിധാനം ചെയ്യുന്നത്. പരേഷ് റാവലും നവീസുദ്ദീൻ സിദ്ദിഖിയുമാണ് മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 21-ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Does that Rashmika movie have any similarities with Loka?