
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കൻ വനിതകളെ 59 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. 271 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 211 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മഴ കാരണം 47 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 269 റൺസ് നേടി. ദീപ്തി ശർമയുടെയും (53) അമൻജോത് കൗറിന്റെയും (57) അർധ സെഞ്ച്വറികളും പ്രതീക റാവൽ (37) ഹർലീൻ ഡിയോൾ (48) എന്നിവരുടെ ഇന്നിങ്സുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചതെങ്കിലും മധ്യഓവറുകളിൽ ലങ്കയെ ഇന്ത്യൻ ബോളർമാർ പിടിമുറുക്കുകയായിരുന്നു. ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് (43) ശ്രീലങ്കയുടെ ടോപ്സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നല്ലപ്പുറെഡ്ഢി ചരണിയും സ്നേഹ് റാണയും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
Content Highlights: India open ICC Women's Cricket World Cup by beating Sri Lanka