
തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താരമാണ് അജിത് കുമാർ. ഈ വർഷം നടന്റേതായി രണ്ടു ചിത്രങ്ങളാണ് തിയേറ്ററിൽ എത്തിയത്. വിടാമുയർച്ചിയും, 'ഗുഡ് ബാഡ് അഗ്ലിയും. ഇപ്പോഴിതാ അജിത്തിന്റെ അടുത്ത സിനിമയികയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അജിത്തിന്റെ അടുത്ത ചിത്രമായ 'എകെ64' നെക്കുറിച്ചുള്ള വാർത്തകൾക്ക് ആരാധകർക്കിടയിൽ വലിയ ഹൈപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. 'എകെ64' സംവിധാനം ചെയ്യാൻ പലരും മത്സരിച്ചിരുന്നുവെങ്കിലും അജിത്ത് ആദിക്ക് രവിചന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ സംവിധാനശെെലിയിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും അജിത്തിന് വലിയ മതിപ്പുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നടൻ. ചിത്രത്തിന്റെ കഥ പൂർത്തിയായെന്നും മറ്റുവിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ലെന്നും നടൻ പറഞ്ഞു. താൻ കോൺട്രാക്ട് ഒപ്പിട്ടുണ്ടെന്നും അതിനാൽ ഔദ്യോഗികമായി അണിയറപ്രവർത്തകർ അപ്ഡേറ്റ് പങ്കുവെക്കാതെ ഒന്നും വിട്ടു പറയാൻ ആവില്ലെന്നും അജിത് പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എകെ64' ചിത്രത്തിന്റെ പ്രാഥമിക ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ' ജിവി പ്രകാശ് സംഗീതം നിർവഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ ഒരു പ്രമുഖ നിർമ്മാണ കമ്പനി 'എകെ64' നിർമ്മിക്കാൻ തയ്യാറായിരുന്നു. എന്നാൽ, അജിത്ത് 200 കോടി രൂപ പ്രതിഫലം ചോദിച്ചപ്പോൾ പലരും പിന്മാറി. തുടർന്ന് അജിത്തിന്റെ ചില സിനിമകളുടെ വിതരണക്കാരനായ രാഹുൽ നിർമ്മാതാവായി എത്തുകയായിരുന്നു. 200 കോടി രൂപ എങ്ങനെ നൽകുമെന്ന സംശയം എല്ലാവർക്കുമുണ്ടായിരുന്നു. ഇവിടെയാണ് ഒരു വഴിത്തിരിവ് ഉണ്ടായത്. രാഹുൽ അജിത്തുമായി ഒരു പുതിയ കരാർ ഒപ്പിട്ടെന്നും, അത് ശമ്പളം ഇല്ലാത്ത കരാറാണെന്നും റിപോർട്ടുകൾ പറയുന്നു.
ഇതനുസരിച്ച്, സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വഴി ലഭിക്കുന്ന എല്ലാ വരുമാനവും അജിത്തിന് ലഭിക്കും. രാഹുലിന് തിയേറ്ററിൽ നിന്നുള്ള വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ. തമിഴ് സിനിമയിൽ ഈ പുതിയ ഇടപാട് പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. എന്നാൽ, അജിത്തിന്റെ ടീം ശമ്പള ഇടപാടിനെക്കുറിച്ചുള്ള ഈ റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഒരു ഗാങ്സ്റ്റർ ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അജിത്ത് നിലവിൽ വിദേശത്ത് റേസിംഗ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
Content Highlights: Ajith Kumar shares update on AK64 movie