
പ്രേക്ഷകർ ഏറെ കാത്തിരുന്ന കാന്താരയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ വിസ്മയം തന്നെയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ സിനിമ കാണുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ നിർബന്ധമായി പാലിക്കേണ്ടതുണ്ട് എന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
'കാന്താര ചാപ്റ്റർ 1 തിയേറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത്', എന്നിവയാണ് ആ മൂന്ന് കാര്യങ്ങൾ. കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഇത് പ്രചരിക്കപ്പെട്ടത്. നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. പിന്നാലെ നിറയെ ട്രോളുകളും നിറയാൻ തുടങ്ങി. ഇപ്പോഴിതാ ഈ പോസ്റ്ററിനെക്കുറിച്ച് വ്യക്തത വരുത്തുകയാണ് നടൻ റിഷബ് ഷെട്ടി. ആരോ വ്യാജമായി നിർമിച്ച പോസ്റ്റർ ആണ് അതെന്നും പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും റിഷബ് പറഞ്ഞു.
'പോസ്റ്റർ കണ്ടതും ഞാൻ ഞെട്ടിപ്പോയി. ഞാൻ ഈ വിവരം പ്രൊഡക്ഷൻസുമായി ചെക്ക് ചെയ്തു. പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമ്മിച്ച പോസ്റ്റർ ആണത്. അതിന് പ്രതികരിക്കേണ്ടതില്ലെന്നും ഞങ്ങൾ കരുതുന്നു', റിഷബിൻ്റെ വാക്കുകൾ. ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും സിനിമ അവതരിപ്പിക്കുക. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വ്രതം എടുത്ത് പടം കാണാന് റെഡിയാവുന്ന ആരൊക്കെ ഉണ്ട്✊🏻 pic.twitter.com/HxuY5P1ZL1
— Grecobes (@grecobes) September 22, 2025
റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
"#KantaraChapter1: I got shocked when I saw no smoking, no alcohol, and no meat Poster😳. In fact I cross checked with the production too🤝. Someone has fakely posted it to get popularity, we don't even want to react for that fake poster❌"
— AmuthaBharathi (@CinemaWithAB) September 22, 2025
- #RishabShettypic.twitter.com/I89jj7y7GP
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
Content Highlights: Rishab shetty about Kantara viral poster