'വാക്കുകൾ കൊണ്ട് പകർത്താൻ കഴിയാത്ത നിമിഷം'; കവിളിലൊരു ചുംബനത്തിനൊപ്പം വികാര നിര്‍ഭരമായ കുറിപ്പുമായി ആന്‍റണി

അവാർഡ് ലഭിക്കുന്നത് കാണുമ്പോൾ തന്റെ കൺമുന്നിൽ ഒരു സ്വപ്നം യാഥാ‍ർ‌ത്ഥ്യമായത് പോലെയാണ് തോന്നിയതെന്നും ആൻ്റണി ഫേസ്ബുക്കിൽ കുറിച്ചു

'വാക്കുകൾ കൊണ്ട് പകർത്താൻ കഴിയാത്ത നിമിഷം'; കവിളിലൊരു ചുംബനത്തിനൊപ്പം വികാര നിര്‍ഭരമായ കുറിപ്പുമായി ആന്‍റണി
dot image

മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തി മോഹന്‍ലാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്‍റെ നേട്ടത്തില്‍ സന്തോഷവും അഭിമാനവും പങ്കുവെച്ച് നിര്‍മാതാവും സുഹൃത്തുമായ ആന്‍റണി പെരുമ്പാവൂര്‍. കണ്‍മുന്നില്‍ ഒരു സ്വപ്നം യാഥാര്‍ഥ്യമായതുപോലെയാണ് തോന്നുന്നതെന്നും കടന്നുപോയത് വാക്കുകളാല്‍ പകര്‍ത്താനാവാത്ത നിമിഷമാണെന്നും ആന്‍റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിനെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു വികാര നിര്‍ഭരമായ കുറിപ്പ്.

കുറിപ്പിന്‍റെ പൂർണ രൂപം

വാക്കുകൾ കൊണ്ട് പകർത്താൻ കഴിയാത്ത ഒരു നിമിഷം

എന്‍റെ കണ്‍മുന്നില് ഒരു സ്വപ്നം യാഥാര്‍ഥ്യമാകുന്നത് പോലെയായിരുന്നു ലാല്‍ സാര്‍ ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങുന്നത് കണ്ടത്. ഒരു ആരാധകൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ സിനിമാ യാത്രയിൽ ഒപ്പം നടന്നപ്പോഴൊക്കെയും അദ്ദേഹത്തിന്റെ കഠിനാധ്വാനവും വിനയവും കലയോടുള്ള സ്നേഹവും ഞാൻ നിത്യവും കണ്ടിട്ടുണ്ട്. ഈ ബഹുമതി വെറുമൊരു പുരസ്കാരമല്ല, സിനിമയ്ക്കും അദ്ദേഹത്തെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങൾക്കും വേണ്ടി സമർപ്പിച്ച ഒരു ജീവിതകാലത്തിന്റെ കഥയാണിത്.
അത്രത്തോളം അഭിമാനം, നന്ദി, അനുഗ്രഹങ്ങൾ.... പ്രിയപ്പെട്ട ലാൽ സാർ.

ദൈവത്തിന്റെ പ്രിയപ്പെട്ടവൻ, എന്നന്നേയ്ക്കും ദൈവത്തിന്റെ സ്വന്തം നാടിന്റെ അഭിമാനം.

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

ഇത്തരമൊരു നിമിഷത്തെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്നും പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ് തന്‍റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', മോഹൻലാൽ പറഞ്ഞു.

മോഹന്‍ലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിച്ചു. അദ്ദേഹത്തിന്‍റെ നാടകമായ കർണഭാരത്തെകുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചു. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

Content Highlights- Antony congratulates Mohan Lal for dadasaheb phalke award

dot image
To advertise here,contact us
dot image