
അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന സിനിമയിൽ നിന്ന് ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ നീക്കം ചെയ്യാൻ ഉത്തരവ് വന്നിരുന്നു. ഒപ്പം നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും നെറ്റ്ഫ്ലിക്സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇളയരാജയുടെ ഗാനങ്ങൾ നീക്കം ചെയ്‌ത പുതിയ വേർഷനാണ് ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്.
'ഒത്ത റൂബ താരേൻ', 'ഇളമൈ ഇദോ ഇദോ' എന്നീ ഗാനങ്ങളായിരുന്നു ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചത്. ഇതിൽ ഇളമൈ ഇദോ ഇദോ എന്ന ഗാനത്തിന് പകരം ഗുഡ് ബാഡ് അഗ്ലിയിലെ തന്നെ 'പുലി പുലി' എന്ന ഗാനമാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. 'ഒത്ത റൂബ താരേൻ' എന്ന ഗാനത്തിന് പകരമായി ഗുഡ് ബാഡ് അഗ്ലിയിലെ തീം സോങ് ആണ് ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. നേരത്തെ ഇളയരാജ കോടതിയിൽ നൽകിയ ഹർജിലാണ് നെറ്റ്ഫ്ലിക്സ് സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്തത്. അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം.
#GoodBadUgly is Back in Netflix🔥
— Saloon Kada Shanmugam (@saloon_kada) September 20, 2025
• Ilamai Idhoo — Puli Puli Song
• Otha Rupai Tharen — GBU BGM
Retro Songs Being Replaced Perfectly!
pic.twitter.com/zQyN8UfXy3
നേരത്തെ മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന തമിഴ് ചിത്രത്തില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കൂടാതെ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ തന്റെ ഗാനം ഉപയോഗിച്ചെന്ന് പറഞ്ഞും ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു. ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlights: Good Bad Ugly Ilaiyaraja songs replaced