
ഇന്ത്യ-പാകിസ്താൻ സൂപ്പർ ഫോർ പോരാട്ടത്തിനായി കളമൊരുങ്ങുകയാണ്. ദുബായിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള സൂപ്പർ ഫോർ മത്സരം. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അരങ്ങേറിയ ഹസ്തദാന വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പ് തന്നെയാണ് വീണ്ടുമൊരു ഇന്ത്യ-പാക് മത്സരമെത്തുന്നത്. ആദ്യ മത്സരത്തിന് ശേഷം പാക് താരങ്ങൾക്ക് ഷേക്ക് ഹാൻഡ് നൽകാൻ ഇന്ത്യൻ താരങ്ങൾ കൂട്ടാക്കിയില്ലായിരുന്നു. ഇത് വലിയ ചർച്ചകളിലേക്കും അഭിപ്രായങ്ങളിലേക്കും നീങ്ങിയിരുന്നു.
ഇതിനിടെ ഈ ചർച്ചകളൊന്നും കാര്യമായി എടുക്കുന്നില്ലെന്നും ടീമംഗങ്ങളോട് ഈ ബഹളങ്ങളിൽ നിന്നും മാറി സ്വന്തം കാര്യം നോക്കാൻ ആവശ്യപ്പെട്ടെന്നും സൂര്യകുമാർ പറഞ്ഞു. പുറത്തുള്ള ശബ്ദങ്ങൾ ഒഴിവാക്കാനും അദ്ദേഹം സഹകളിക്കാരോട് ആവശ്യപ്പെട്ടു.
'നിങ്ങളുടെ മുറി അടച്ചിടുക, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക, ഉറങ്ങുക. അതാണ് ഏറ്റവും മികച്ചതെന്ന് ഞാൻ കരുതുന്നു. അത് പറയാൻ എളുപ്പമാണെങ്കിലും ചില സമയം അത് കഠിനമാണ്. കാരണം നിങ്ങൾ ഒരുപാട് സൗഹൃദങ്ങളുണ്ടാകും നിങ്ങൾ ഡിന്നറിനായി പുറത്തുപോകും. നിങ്ങൾ എന്ത് കേൾക്കണമെന്ന് നിങ്ങളാണ് തീരുമാനിക്കുന്നത്.
പുറത്ത് നിന്നുള്ള എല്ലാ നോയിസും ഒഴിവാക്കാൻ ഞാൻ കളിക്കാരോട് ആവശ്യപ്പെടാറുണ്ട്. എങ്കിൽ മാത്രമേ ടൂർണമെന്റിൽ മുന്നോട്ട് നീങ്ങാൻ പറ്റുമെന്നാണ് ഞാൻ അവരോട് അഭിപ്രായപ്പെടാറുള്ളത്. സകലതും ഒഴിവാക്കാനല്ല ഞാൻ പറയാറുള്ളത്. നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രമെടുത്ത് ബാക്കി ഒഴിവാക്കാനാണ് ഞാൻ ആവശ്യപ്പെടാറുള്ളത്. ചില ആളുകൾക്ക് നല്ല ഉപദേശം നൽകാനും സാധിക്കും,' സൂര്യകുമാർ യാദവ് പറഞ്ഞു. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെതിരെ അനായാസം വിജയിച്ചിരുന്നു.
Content Highlights- Surykumar Yadav breaks Silence on Handshake Issue