9 മണിയുടെ ഷോയ്ക്ക് 8 മണി ആകുമ്പോഴേ റിവ്യൂസ് വരും, നല്ല വിമർശനങ്ങൾ മാത്രം വിശ്വസിച്ച് സിനിമ കാണുക: ധനുഷ്

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ഇഡ്‌ലി കടൈയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നു. ഒരു ഫീൽ ഗുഡ് ഡ്രാമയാണ് സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്

9 മണിയുടെ ഷോയ്ക്ക് 8 മണി ആകുമ്പോഴേ റിവ്യൂസ് വരും, നല്ല വിമർശനങ്ങൾ മാത്രം വിശ്വസിച്ച് സിനിമ കാണുക: ധനുഷ്
dot image

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടൻ ധനുഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. പ്രേക്ഷകർ സ്വയം സിനിമകൾ കണ്ട് വിലയിരുത്തണമെന്നും നല്ല വിമർശനങ്ങളെ മാത്രം സ്വീകരിക്കണമെന്നും ധനുഷ് പറഞ്ഞു.

'സിനിമ റിലീസായതിന് ശേഷം 9 മണിയുടെ ഷോയ്ക്ക് 8 മണി ആകുമ്പോഴേ റിവ്യൂസ് വന്നുതുടങ്ങും അതൊന്നും ആരും വിശ്വസിക്കരുത്. നിങ്ങൾ സ്വയം സിനിമ കണ്ട് വിലയിരുത്തുകയോ ഇല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾ സിനിമ കണ്ടതിന് ശേഷം പറയുന്നത് കേട്ട് സിനിമ കാണുക. സിനിമ ആരോഗ്യമായി ഇരിക്കണം, നല്ല സിനിമകൾ ഓടണം. അതുകൊണ്ട് ശരിക്കുള്ള വിമർശനങ്ങളെ മാത്രം എടുത്തിട്ട് പ്രേക്ഷകർ തീരുമാനിക്കണം ഏത് സിനിമ കാണണമെന്ന്', ധനുഷ് പറഞ്ഞു.

അതേസമയം, ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ഇഡ്‌ലി കടൈയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നു. ഒരു ഫീൽ ഗുഡ് ഡ്രാമയാണ് സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ധനുഷിന്റെ മുൻ സിനിമകളെ പോലെ ഈ ചിത്രവും വലിയ വിജയം നേടുമെന്നാണ് ട്രെയ്‌ലർ റിലീസിന് പിന്നാലെ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജി വി പ്രകാശ് കുമാറാണ് സംഗീതം. ചിത്രത്തിൽ അരുൺ വിജയ്‍യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ബോക്സറുടെ വേഷത്തിലാണ് അരുൺ വിജയ് എത്തുന്നതെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്.

Content Highlights: Dhanush about movie reviews

dot image
To advertise here,contact us
dot image