
ലോക എന്ന ചിത്രം കണ്ടവർ ആരും നാച്ചിയപ്പ എന്ന വില്ലനെ മറക്കില്ല, ഒപ്പം അത് അവതരിപ്പിച്ച സാൻഡി മാസ്റ്ററെയും. ഗംഭീര പ്രകടനമായിരുന്നു സാൻഡി മാസ്റ്റർ ലോകയിൽ കാഴ്ചവെച്ചത്. പക്കാ വില്ലൻ ലുക്കിൽ ഓരോ നോട്ടവും നടത്തവും പോലും കാഴ്ചക്കാരിൽ ഭീതിയുണർത്തി. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ സിനിമകളിലെ പുതിയ വില്ലൻ സ്ഥാനത്തേക്ക് എത്തുകയാണ് അദ്ദേഹം. കൈനിറയെ സിനിമകളാണ് അദ്ദേഹത്തിനെ തേടി എത്തുന്നത്.
ലിയോ എന്ന സിനിമയിലൂടെയാണ് സാൻഡി മാസ്റ്റർ അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച ക്രൂരനായ വില്ലൻ കഥാപാത്രം ഏറെ കയ്യടികൾ വാങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലോകയിൽ നാച്ചിയപ്പ എന്ന വേഷത്തിൽ അദ്ദേഹം ഞെട്ടിച്ചത്. ലിയോ സിനിമ കണ്ടിട്ടാണ് തന്നെ ലോകയിലേക്ക് കാസ്റ്റ് ചെയ്‌തതെന്ന് സാൻഡി മാസ്റ്റർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ലിയോ സിനിമയിലെ എന്റെ പ്രകടനം കണ്ടിട്ടാണ് ലോകയിലെ നാച്ചിയപ്പൻ എന്ന കഥാപാത്രം ചെയ്യാൻ വേണ്ടി എന്നെ വിളിക്കുന്നത്. ഡൊമിനികും നിമിഷും ആണ് എന്നെ വിളിക്കുന്നത്. സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ ഓക്കേ പറഞ്ഞു. നല്ല കഥ ആയിരുന്നു. ലിയോ പോലെ അല്ല ഇതിൽ വേറെ ടൈപ്പ് പൊലീസ് വേഷമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു', സാൻഡി മാസ്റ്ററുടെ വാക്കുകൾ.
ഇപ്പോഴിതാ തെലുങ്ക് ചിത്രം കിഷ്കിന്ധാ പുരിയിലെ സാൻഡിയുടെ വില്ലൻ വേഷമാണ് ചർച്ചയാകുന്നത്. ചിത്രത്തിലെ സാൻഡിയുടെ ലുക്കും ഏറെ ചർച്ചയാകുന്നുണ്ട്. കൗശിക് പെഗല്ലപതി സംവിധാനം ചെയ്ത ചിത്രത്തിൽ അനുപമ പരമേശ്വരൻ, സായി ശ്രീനിവാസ് ബെല്ലംകൊണ്ട, തനിക്കെല്ല ഭരണി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
Sandy Emerging to be the most wanted Antagonist of Kollywood, Mollywood & Tollywood 🥶🔥#LEO, #Lokah & Now #Kishkindhapuri 👏🌟 pic.twitter.com/dn9obRGLmY
— AmuthaBharathi (@CinemaWithAB) September 16, 2025
അതേസമയം, ലോക ആഗോള ബോക്സ് ഓഫീസിൽ 250 കോടിയും കടന്ന് മുന്നേറുകയാണ്. പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം.
content highlights: Sandy Emerging to be the most wanted Antagonist