
മില്ലി ബോബി ബ്രൗണും ജെയ്ക്ക് ബോംഗിയോവിയും അവരുടെ ആദ്യത്തെ പെൺകുഞ്ഞിനെ ദത്തെടുത്തു. ഞങ്ങളുടെ സുന്ദരിക്കുട്ടിയെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മാതാപിതാക്കളായി അടുത്ത ജീവിത അധ്യായത്തിലേക്ക് കടക്കുന്നതിൽ ഒരുപാട് സന്തോഷമെന്നും നടി കുറിച്ചു.
'ദത്തെടുക്കലിലൂടെ ഞങ്ങളുടെ സുന്ദരിയായ പെൺകുട്ടിയെ ഭൂമിയിലേക്ക് സ്വാഗതം ചെയ്തു. മനോഹരമായ അടുത്ത ജീവിത അധ്യായത്തിലേക്ക് അതും മാതാപിതാക്കളായി കടക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്', ഇൻസ്റ്റാഗ്രാമിൽ മില്ലി ബോബി കുറിച്ചു.
മില്ലി ബ്രൗണും ജെയ്ക്ക് ബോംഗിയോവിയും 2023ൽ വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം 2024ൽ ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. നെറ്റ്ഫ്ലിക്സിലെ സൂപ്പർഹിറ്റ് സയൻസ് ഫിക്ഷൻ സീരീസായ സ്ട്രേഞ്ചർ തിംഗ്സിലെ ഇലവൻ എന്ന കഥാപാത്രത്തിലൂടെ മില്ലി ബ്രൗൺ അരങ്ങേറ്റം കുറിച്ചത്. 'എനോള ഹോംസ്', 'ഡാംസൽ', 'ദി ഇലക്ട്രിക് സ്റ്റേറ്റ്' തുടങ്ങിയ ചിത്രങ്ങൾക്ക് പുറമേ രണ്ട് 'ഗോഡ്സില്ല' സിനിമകളിലും ജെയ്ക്ക് ബോംഗിയോവി അഭിനയിച്ചിട്ടുണ്ട്.
2016 ജൂലൈ 15നായിരുന്നു സ്ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ ആദ്യ സീസൺ പുറത്തുവന്നത്. മികച്ച പ്രതികരണം നേടിയ സീരീസിലെ പ്രകടനങ്ങളും വിഷ്വൽസും കഥയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തുടർന്ന് നാല് സീസണുകൾ ഈ സീരിസിന്റെതായി ഇറങ്ങി. 2022 മാർച്ച് 27 നായിരുന്നു സ്ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ നാലാം സീസൺ പുറത്തിറങ്ങിയത്. രണ്ട് ഭാഗങ്ങളായിട്ടാണ് നാലാം സീസൺ റിലീസ് ചെയ്തത്. ഈ വർഷം നവംബറിൽ സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസൺ പുറത്തിറങ്ങും.
Content Highlights: stranger things actor millie bobby brown adopt a baby daughter