
ട്രോളുകൾ ഒരിക്കലും ഇല്ലാതാകില്ലെന്നും തന്നോട് വെറുപ്പുള്ള ഒരു വിഭാഗം ആളുകൾ ഉണ്ടെന്ന് നടൻ മാധവ് സുരേഷ്. താൻ ഒരു നെപോ കിഡ് ആയതുകൊണ്ട് തന്നെയാണ് സിനിമയിൽ അവസരം ലഭിച്ചതെന്നും മനസ്സിൽ ഉള്ളത് തുറന്ന് പറയുന്നവരെ ആളുകൾ വിമർശിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മാധവ് സുരേഷ് ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഒരു ഭാഗത്ത് എന്റെ അച്ഛൻ ഒരു BJP മന്ത്രി ആയതുകൊണ്ടുള്ള വെറുപ്പ് ഉണ്ട്. പിന്നെ ഞാൻ ഒന്നും തെളിയിക്കാതെ സിനിമയിൽ അഭിനയിച്ചതുകൊണ്ട് എന്നോട് വെറുപ്പ് ഉള്ളവരുണ്ട്. ശരിയാണ് ഒരു നെപോ കിഡ് ആയതുകൊണ്ട് തന്നെയാണ് എനിക്ക് അവസരം ലഭിച്ചത്. മനസ്സ് തുറന്ന് കാര്യങ്ങൾ പറയുന്നവരെ എന്തായാലും വിമർശിക്കും, എന്നെ അതൊന്നും ബാധിക്കുന്നില്ല. കുമ്മാട്ടിക്കളിയിൽ എന്റെ പെർഫോമൻസ് ഞാൻ തന്നെ വിലയിരുത്തി മോശമായിരുന്നു', മാധവ് സുരേഷ് പറഞ്ഞു.
കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ അഭിനയത്തിന് മാധവ് ഒരുപാട് ട്രോളുകൾക്കും വിമർശനങ്ങൾക്കും വിധേയനായിട്ടുണ്ട്. സോഷ്യൽ മീഡിയ മുഴുവൻ മാധവിനെ കളിയാക്കിയും ചീത്ത പറഞ്ഞും നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം, മാധവ് സുരേഷ് നായകനായി എത്തുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം അങ്കം അട്ടഹാസത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്നത്.
Content Highlights: Madhav Suresh about his acting skills and movies