
നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പുതിയ ആന്തം പുറത്ത്. 'ഉങ്ക വിജയ്, നാ വരേൻ!' എന്നാണ് ഗാനത്തിന്റെ പേര്. തമൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. ഒരു പക്കാ മാസ്സ് ഗാനമായിട്ടാണ് ഈ ആന്തം ഒരുക്കിയിരിക്കുന്നത്. അതേസമയം, മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.
ഗാനം പുറത്തുവന്നതിന് പിന്നാലെ ഇത് ഇനി വരുന്ന വിജയ് സിനിമയിൽ ഇൻട്രോ സോങ് ആയി ഉപയോഗിക്കാമായിരുന്നല്ലോ എന്നാണ് കമന്റുകൾ. ഈ ഗാനം തിയേറ്ററിൽ ഇറക്കിയാൽ ആരാധകർ തിയേറ്റർ ഇളക്കിമറിച്ചേനെ എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഗംഭീര മ്യൂസിക് ആണ് തമന്റേതെന്നും വാരിസ് എന്ന സിനിമയ്ക്ക് ശേഷം വിജയ് തമനുമായി ഇനിയും സിനിമകൾ ചെയ്യേണ്ടതായിരുന്നു എന്നും പലരും കുറിക്കുന്നുണ്ട്. ആദ്യം പുറത്തിറങ്ങിയ ഗാനത്തെക്കാൾ ഇത് മികച്ചുനിൽക്കുന്നെന്നും പലരും പറയുന്നുണ്ട്. വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനിൽ ഈ ഗാനം ഉപയോഗിക്കണമെന്നും ആരാധകർ ആവശ്യം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, ജനനായകൻ ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി തിയേറ്ററിലെത്തും. ജനനായകനിൽ 275 കോടിയാണ് വിജയ്‌യുടെ പ്രതിഫലം എന്നാണ് ബിസിനസ് ടുഡേ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ ജനനായകൻ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.
ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
Content Highlights: TVK new song released