
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചതിന് പിന്നാലെ പ്രതികരിച്ച് നടി ശ്വേത മേനോൻ. അമ്മയിൽ ഇത്രയും വാശിയേറിയ മത്സരം ഇതുവരെ നടന്നിട്ടില്ലെന്ന് ശ്വേത മേനോൻ പ്രതികരിച്ചു. ഒപ്പം മത്സരിച്ച ദേവൻ തോറ്റെന്ന് താൻ ഒരിക്കലും പറയില്ലെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്ക് ലഭിച്ചെന്നും ശ്വേത മേനോൻ പറഞ്ഞു. WCC അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും റിപ്പോർട്ടറിനോട് ശ്വേത മേനോൻ പറഞ്ഞു.
'ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഒരുപാട് പ്രതിസന്ധികൾ നമ്മൾ ഫേസ് ചെയ്യുന്നുണ്ട് അതെല്ലാം ഒരുമിച്ച് സോൾവ് ചെയ്തു മുന്നോട്ട് പോകാനാണ് തീരുമാനം. 298 പേർ വോട്ട് ചെയ്യാനെത്തും എന്ന് കരുതിയില്ല.ഇതൊരു സർപ്രൈസ് ആയി മാറി ഞങ്ങൾക്ക്. ചെന്നൈയിൽ നിന്നും അബുദാബിയിൽ നിന്നും വോട്ട് ചെയ്യാൻ വന്നവരുണ്ട്. അമ്മയിൽ ഇത്രയും വാശിയേറിയ മത്സരം ഇതുവരെ നടന്നിട്ടില്ല. ദേവൻ തോറ്റെന്ന് ഞാൻ ഒരിക്കലും പറയില്ല. അവരുടെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. എനിക്ക് അദ്ദേഹത്തിന്റെ അനുഗ്രഹം വേണമായിരുന്നു. അത് എനിക്ക് അദ്ദേഹം തന്നു. അദ്ദേഹം നമ്മുടെ കൂടെയുണ്ടാകും.
എല്ലാവരുടെയും ഒരേ ഒരു അജണ്ട അമ്മ മാത്രമാണ്. പുറത്തുപോയവരെ അമ്മ ചേർത്തുപിടിക്കും. അമ്മ എന്ന രീതിയിൽ അമ്മയുടെ മക്കൾ വന്നു അമ്മയെ കാണണം. അവരെല്ലാം പേഴ്സണലി എനിക്ക് സപ്പോർട്ട് തന്നിരുന്നു', ശ്വേതയുടെ വാക്കുകൾ. ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ഒഫിഷ്യലി 'അമ്മ'യായി എന്ന് ശ്വേത മേനോന്‍ വിജയത്തിന് ശേഷം പ്രതികരിച്ചു. 20 വോട്ടിനാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്.
'ആദ്യം ഒരു എക്സിക്യൂട്ടീവ് മീറ്റിംഗ് നടത്തി കുറച്ച് തീരുമാനങ്ങൾ എടുക്കണം. സ്റ്റെപ് ബൈ സ്റ്റെപ് ആയി എല്ലാവരും ഒരുമിച്ച് ഓരോ കാര്യങ്ങളും ചെയ്യണം. WCC അംഗങ്ങൾ പിണങ്ങി പോയിട്ടൊന്നുമില്ല, അവരെല്ലാം A M M A യുടെ കുടുംബത്തിന്റെ ഭാഗമാണ്. അവർ ഓക്കെ ആണെങ്കിൽ WCC അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാൻ ഞാൻ തയ്യാറാണ്', വിജയത്തിന് ശേഷം ശ്വേത മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlights: Shwetha menon response after AMMA election